ചെങ്ങന്നൂർ : കല്ലിശേരി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മുതൽ 6വരെ നീണ്ടു. പൊലീസോ - ബന്ധപെട്ട ഹോം ഗാർഡുകളോ ഇവിടെ ഡ്യൂട്ടിയ്ക്ക് ഇല്ലാത്തതാണ് ഇതിനു കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ഒടുവിൽ നാട്ടുകാ‌ർ തന്നെ ട്രാഫിക്ക് നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷമാണ് ചെറുവാഹനങ്ങൾ പോലും അനങ്ങിത്തുടങ്ങിയത്‌. ഇതിനോടകം നിരവധി പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആംബുലൻസുകളും കടന്നു പോയങ്കിലും ഏറെ പ്രയാസപെട്ടാണ് ഇവ കടത്തിവിട്ടത്. പൊലീസ് വാഹനത്തിൽ വന്ന ഉദ്യോഗസ്ഥരാകട്ടെ ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നത് തിരക്കാൻ പോലും കൂട്ടാക്കുന്നില്ല. കല്ലിശേരി ജംഗ്ഷനിൽ നിന്ന് കുറ്റിക്കാട്ടിപ്പടിക്കലേയ്ക്കും അവിടെ നിന്ന് തിരികെയും പ്രയാർ ഭാഗത്ത് നിന്നെത്തുന്ന വണ്ടികളും അവിടെയ്ക്ക് തിരികെ പോകുന്ന വാഹനങ്ങളും എം.സി റോഡിൽ ചെങ്ങന്നൂർ ഭാഗത്തേക്കും തിരുവല്ല ഭാഗത്തേക്കും പോകുന്ന വാഹനങ്ങളും എല്ലാം കൂടി ഒന്നിച്ച് ചേരുന്നതിനാൽ വാഹന നിയന്ത്രണത്തിന് ഉദ്യോഗസ്ഥരില്ലാത്തത് യാത്രക്കാരെ വലയുകയാണ്. ഓണക്കാലമാകുന്നതോടെ ഇനിയും തിരക്ക് ഏറാൻ സാദ്ധ്യത ഏറെയാണ്. കല്ലിശ്ശേരിയിൽ നിന്ന് തിരുവല്ലാ ഭാഗത്തേക്ക് പ്രാവിൻ കൂട് വരെയും കല്ലിശേരിയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് വണ്ടിമല ഭാഗം വരെയും ഗതാഗത തടസമുണ്ടായി.