തിരുവല്ല ; രാമായണ മാസത്തിൽ നാലമ്പല ദർശന തീർത്ഥാടനത്തിലൂടെ മികച്ച വരുമാനം നേടി കെ.എസ്.ആർ.ടി.സി . ഏകദേശം പത്തുലക്ഷം രൂപ വരുമാനം ലഭിച്ചതായി അധികൃതർ പറഞ്ഞു. കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ നാലമ്പല ദർശന തീർത്ഥാടന യാത്രയിലൂടെ 1800 ഭക്തർ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തി. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, മല്ലപ്പള്ളി, ഡീപ്പോകളിൽ നിന്നാണ് ട്രിപ്പ് നടത്തിയത്. കഴിഞ്ഞ വർഷം 18 ട്രിപ്പ് മാത്രം നടത്തിയപ്പോൾ ഈവർഷം അത് 40 ആയി. കുറഞ്ഞ യാത്രക്കൂലിയിൽ ഇത്രയും ക്ഷേത്രങ്ങളിൽ യഥാസമയം തൊഴുതു മടങ്ങാം എന്നതാണ് തീർത്ഥാടകരെ ആകർഷിക്കുന്നത്.
മഹാഭാരത യാത്രയ്ക്കും തിരക്ക്
കെ.എസ്.ആർ.ടി.സിയുടെ പഞ്ചപാണ്ഡവക്ഷേത്ര ദർശനത്തിനും തിരക്കേറുകയാണ്. മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥാടന യാത്ര എന്ന ടാഗ് ലൈനിലാണ് ഈ യാത്ര. തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിൽ തൊഴുത് ആറന്മുള വള്ളസദ്യയും കഴിച്ച് മടങ്ങുന്നതാണ് തീർത്ഥാടന യാത്ര. വിവിധ ദേവസ്വങ്ങളും പള്ളിയോട സേവാസംഘങ്ങളുമായും സഹകരിച്ചാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതുവരെ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി 51 ട്രിപ്പുകളിലായി 2500 തീർത്ഥാടകർ യാത്രയിൽ പങ്കാളികളായി.
വരുന്നു... ഒാണക്കാല യാത്ര
ഓണക്കാലത്തും വ്യത്യസ്തമായ യാത്രകളുമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുങ്ങിക്കഴിഞ്ഞു. മലക്കപ്പാറ, ചതുരംഗപ്പാറ, മാമലകണ്ടം, ഇടുക്കി, മൂന്നാർ, ഗവി, രാമക്കൽമേട്, വിവിധ ക്രൂയിസ് യാത്രകൾ, കപ്പൽ യാത്രകൾ എന്നിവയും സഞ്ചാര പ്രിയർക്കായി സംഘടിപ്പിക്കുന്നുണ്ട്.
ശ്രദ്ധിക്കാൻ
സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണം. ഗ്രുപ്പ് ബുക്കിങ് സൗകര്യം ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും പത്തനംതിട്ട: 9495752710, 9995332599, തിരുവല്ല: 9744348037, 9961072744, 9745322009, അടൂർ: 7012720873, 9846752870, പന്തളം: 9562730318, 9497329844, റാന്നി: 9446670952
, മല്ലപ്പള്ളി: 9744293473, 8281508716, ജില്ലാ കോർഡിനേറ്റർ: 9744348037.