g

പത്തനംതിട്ട: മഴ മാറി കാലാവസ്ഥ തെളിഞ്ഞത് റബർ മേഖലയിൽ സൃഷ്ടിച്ചത് പുതിയ ഉണർവ്. വില കൂടി നിൽക്കുകയാണ്. പക്ഷേ, റബർ മരങ്ങളിൽ ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാത്തത് പുതിയ പ്രതിസന്ധിയായി. റബർ പ്രധാന വരുമാനമാർഗമായ ചെറുകിട കർഷകരാണ് ബുദ്ധിമുട്ടുന്നത്. കാലവർഷത്തിന് മുമ്പ് വില കുറഞ്ഞപ്പോൾ ഇനി ഉയരാൻ സാദ്ധ്യതയില്ലെന്നു കരുതി ടാപ്പിംഗ് തൊഴിലാളികൾ പുതിയ തൊഴിലിടം തേടിപ്പോയിരുന്നു. നിർമ്മാണം, പെയിന്റിംഗ് മേഖലയിലേക്കാണ് അവർ മാറിയത്. കാലവർഷം കനത്തപ്പോൾ ടാപ്പിംഗ് നിറുത്തുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഇറക്കുമതി കുറഞ്ഞതോടെ നാടൻ വിപണിയിൽ വില കൂടി. നിലവിൽ ഇരുന്നൂറ്റി മുപ്പതിന് മുകളിലാണ് വില. ഒട്ടുപാലിനും നൂറ്റി ഇരുപതിന് മുകളിലുമെത്തി. ടാപ്പിംഗ് ഉൗർജിതമായി നടക്കേണ്ട ദിവസങ്ങളിൽ തൊഴിലാളികളെ കിട്ടാത്തത് കാരണം ചെറുകിട കർഷകരുടെ വരുമാനം നിലയ്ക്കുന്ന സ്ഥിതിയായി.കനത്ത ചൂടും നീണ്ടുനിന്ന മഴയും കാരണം ഇൗ വർഷം ടാപ്പിംഗ് ദിനങ്ങൾ പൊതുവേ കുറഞ്ഞു. ഇപ്പോഴത്തെ തെളിഞ്ഞ കാലാവസ്ഥ ടാപ്പിംഗിന് അനുയോജ്യമാണെന്ന് കർഷകർ പറയുന്നു.

വിലപേശി തൊഴിലാളികൾ

ടാപ്പിംഗ് മേഖലയിലേക്ക് തിരിച്ചുവരാൻ തൊഴിലാളികൾ വിലപേശൽ നടത്തുകയാണെന്ന് ചെറുകിട കർഷകർ പറയുന്നു. ഒരു ടാപ്പിംഗിൽ ആകെക്കിട്ടുന്ന ഷീറ്റുകളുടെ പകുതി വീതം കർഷകർക്കും തൊഴിലാളിക്കും എന്നതാണ് ഉപാധി. മറ്റു മാർഗങ്ങളില്ലാതെ ഉപാധി അംഗീകരിക്കുന്ന കർഷകരുണ്ട്. എന്നാൽ, ഇതിൽ ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് കർഷകരിൽ ഭൂരിഭാഗവും പറയുന്നു. ഗുണനിലവാരമുള്ള ഷീറ്റുകൾ തൊഴിലാളി എടുക്കുമെന്നതാണ് സംശയം. കർഷകർ സ്ഥലത്തില്ലെങ്കിൽ ഷീറ്റുകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയില്ല. ചില തൊഴിലാളികൾ പുലർച്ചെയ്ക്കു മുമ്പേ ടാപ്പിംഗിനിറങ്ങും. മരത്തിന്റെ ഉടമ ഉണരും മുമ്പേ ഷീറ്റുമായി മടങ്ങും.

.

# ഒരു വർഷം ശരാശരി ടാപ്പിംഗ് 110ദിവസം .

# ഇൗ വർഷം പ്രതീക്ഷിക്കുന്നത് പരമാവധി 60 ദിവസം

തൊഴിലാളികൾ ഇല്ലാത്തതുകാരണം ടാപ്പിംഗ് കുറഞ്ഞു. റബർ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.

സുകുമാരൻ ഇടത്തിട്ട, കർഷകൻ