പത്തനംതിട്ട : ജീവിതശൈലീ രോഗസാദ്ധ്യതയും പൊതുജനാരോഗ്യപ്രസക്തമായ പകർച്ചവ്യാധികളും നേരത്തെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ നടത്തുന്ന വാർഷികാരോഗ്യ പരിശോധന (ശൈലി 2.0) യുടെ ഭാഗമായി ആശാ പ്രവർത്തകർ ജില്ലയിലെ വീടുകളിലേക്കെത്തും. ആശാപ്രവർത്തകർ വരുന്നദിവസം ജോലിസംബന്ധമായോ മറ്റ് കാരണങ്ങളാലോ വീട്ടിൽ ഇല്ലാത്തപക്ഷം മറ്റൊരു ദിവസം വീടുകളിലെത്തി വിവരശേഖരണം നടത്തും.സർവേയ്ക്ക് വിധേയരാകുന്നവർ പ്രദേശത്തെ ജനകീയ ആരോഗ്യകേന്ദ്രങ്ങളിലെത്തി പ്രാഥമിക പരിശോധനകളും തുടർനിർദ്ദേശങ്ങളും പാലിക്കണം. സർവേയിൽ നിന്നും കണ്ടെത്തുന്ന ക്യാൻസർ, ഹൃദ്രോഗം മുതലായ വിദഗ്‌ധചികിത്സ വേണ്ട രോഗങ്ങൾക്ക് മുൻഗണനാ അടിസ്ഥാനത്തിൽ ചികിത്സ ലഭ്യമാക്കും.

കണ്ടെത്തുന്നത്

പ്രമേഹം, രക്തസമ്മർദ്ദം, ഓറൽ ക്യാൻസർ, സ്തനാർബുദം, അന്ധത, കേൾവിക്കുറവ്, വിഷാദ രോഗസാദ്ധ്യത എന്നിവ ഉണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെയാണ് ശൈലി 2.0 സർവെയിലൂടെ കണ്ടെത്തുന്നത്. മൊബൈൽ ആപ്പിന്റെ സഹായത്തോടെ വിശദമായ ചോദ്യാവലിയിലൂടെ കമ്മ്യൂണിറ്റി ബേസ്ഡ് അസസ്‌മെന്റ് ചെക്ക് ലിസ്റ്റ്‌സ് കോർ അടിസ്ഥാനമാക്കിയാണ് രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നത്.

ജനകീയ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ

ജീവിതശൈലീരോഗങ്ങൾ തിരിച്ചറിയാനും നിയന്ത്രണവിധേയമാക്കാനും പ്രതിരോധിക്കാനുമായി വിവരങ്ങൾ ശേഖരിക്കാൻ വീട്ടിലെത്തുന്ന ആശാ പ്രവർത്തകരുമായി സഹകരിക്കണം. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധന നടത്തും.

ഡോ.എൽ. അനിതകുമാരി

ജില്ലാ മെഡിക്കൽ ഓഫീസർ