റാന്നി: പെരുന്തേനരുവി നവോദയ മേഖലയിൽ കാട്ടാനയ്ക്ക് പിന്നാലെ കുറുനരിയുടെ ശല്യം ഏറുന്നതായി നാട്ടുകാർ. പെരുന്തേനരുവി റോഡിൽ കഴിഞ്ഞ ദിവസം കുറുനരി അജ്ഞാത വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടതോടെയാണ് നാട്ടുകാർ പരാതി ഉന്നയിക്കുന്നത്. ഒരാഴ്ച മുമ്പ് കുറുനരിയുടെ ആക്രമണത്തിൽ മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും പരിക്കേറ്റിരുന്നു. തുടരെ പ്രദേശത്തു വന്യജീവി ശല്യം ഏറി വരുന്നതോടെ നാട്ടുകാർ പരിഭ്രാന്തിയിലുമാണ്. വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധയേക്കാൻ പ്രധാന കാരണം കുറുനരികളാണെന്നും ഇവ ജനവാസ മേഖലയിൽ കൂടുതലായി ഇറങ്ങുന്നത് തടയാൻ വേണ്ട നടപടികൾ വനംവകുപ്പ് ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കാട്ടുപന്നിയും, കുരങ്ങും, കാട്ടുപോത്തും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ കൃഷി വകകൾ നശിപ്പിക്കുന്നതിന് പിന്നാലെയാണ് മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും നേരെയുള്ള കുറുനരി ആക്രമണവും.