photo

പ്രമാടം : ഇരപ്പുകുഴി- പ്രമാടം മഹാദേവർ ക്ഷേത്രം - വള്ളിക്കോട് ചള്ളംവേലിപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മറൂർ വ്യാഴി കടവിന് സമീപം അച്ചൻകോവിലാറിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിച്ച് റോഡിന് വീതി കൂട്ടുന്ന ജോലികൾ തുടങ്ങി. ഇതേ തുടർന്ന് മറൂർ ആൽജംഗ്ഷൻ - പനിയ്ക്കക്കുഴിപ്പടി - വട്ടക്കുളഞ്ഞി റോഡിൽ വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു.

നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പൂങ്കാവിൽ നിന്നും അച്ചൻകോവിലാറിന് സമാന്തരമായി പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായി റോഡ് മാറും. ഇരപ്പുകുഴിയിൽ നിന്നും തുടങ്ങി മറുർ ജംഗ്ഷനിൽ എത്തി പൂങ്കാവ് -പത്തനംതിട്ട റോഡിൽ കൂടി പ്രമാടം മഹാദേവർ ക്ഷേത്രം ജംഗ്ഷനിൽ എത്തി വാഴമുട്ടം എൽ.പി സ്കൂളിന് സമീപം ചള്ളംവേലി പടിയിൽ അവസാനിക്കുന്ന രീതിയിലാണ് റോഡ് നിർമ്മാണം. തിരക്കേറിയ പൂങ്കാവ് -പ്രമാടം- പത്തനംതിട്ട, കോന്നി-ചന്ദനപ്പള്ളി റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായാൽ ഈ റോഡ് വഴി വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിച്ചുവിടാനും കഴിയും.

അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി 7. 5 കോടി രൂപ ചെലവിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ. തകർച്ചയിലുള്ള ആറ് കലുങ്കുകൾ പുനർ നിർമ്മിക്കുന്നതിന് പുറമെ 1350 മീ​റ്റർ ഓടയും 2830 മീ​റ്റർ ഐറിഷ് ഓടയും നിർമ്മിക്കും. 4.5 കിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീ​റ്റർ വീതിയിൽ ബി. എം ആൻഡ് ബി .സി നിലവാരത്തിലാണ് ടാർ ചെയ്യുന്നത്.

ഗതാഗത നിയന്ത്രണം ഇങ്ങനെ,

* മല്ലശേരിമുക്ക് -പൂങ്കാവ് റോഡിലെ വട്ടക്കുളഞ്ഞിയിൽ നിന്നും പനിയ്ക്കക്കുഴിപടി വരുന്ന വാഹനങ്ങൾക്ക് വ്യാഴി കടവ് വഴി മറൂർ ജംഗ്ഷനിൽ എത്താൻ കഴിയില്ല. പകരം മങ്ങാട്ടുപടി വഴി പ്രമാടം സ്കൂൾ ജംഗ്ഷനിലോ, തകിടിയത്ത് മുക്കിലോ എത്തി പൂങ്കാവ് -പത്തനംതിട്ട റോഡിൽ പ്രവേശിച്ച് മറൂർ വഴി പത്തനംതിട്ടയിൽ പോകാം.

*പൂങ്കാവ് -പത്തനംതിട്ട റോഡിലെ മറൂർ ആൽ ജംഗ്ഷനിൽ നിന്നും വട്ടക്കുളഞ്ഞിലേക്ക്

പോകണമെങ്കിലും ഇതേ റൂട്ടിന് പുറമെ പൂങ്കാവ് റൂട്ടും ഉപയോഗിക്കാം.

*വ്യാഴി കടവിന് ഇരുവശങ്ങളിലേക്കും വാഹനങ്ങൾ എത്തുന്നതിന് നിലവിൽ തടസമില്ല.എന്നാൽ ഇവിടം മുറിച്ചുകടക്കാൻ കഴിയില്ല.