kanjav

ഇലവുംതിട്ട : ഓണക്കച്ചവടം ലക്ഷ്യമാക്കി കിടങ്ങന്നൂരിലും പരിസരത്തും കഞ്ചാവ് സംഘങ്ങൾ തമ്പടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ നിന്ന് പിടിയിലായവർ ഇൗ സംഘത്തിലെ കണ്ണികളാണെന്ന് പൊലീസിന് വിവരം ലഭിച്ചു.
വിദ്യാലയ പരിസരങ്ങൾ കേന്ദ്രീകരിച്ച് വൻ ലഹരി വിൽപ്പനയാണ് സംഘം ലക്ഷ്യമിടുന്നത്. മെഴുവേലി, ചെന്നീർക്കര മേഖലകളിലെ വിദ്യാഭ്യാസ പരിസരങ്ങളിലെ ഫ്‌ളാറ്റുകളും അപരിചിതർ വാടകയ്ക്ക് താമസിക്കുന്ന വീടുകളും പൊലീസ് പരിശോധിക്കും. കിടങ്ങന്നൂരിൽ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് കച്ചവടം നടത്തിവന്ന ഏഴംഗ സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. രണ്ട് കിലോ കഞ്ചാവും വടിവാളും കഞ്ചാവ് തൂക്കാനുള്ള ത്രാസും ഇവരിൽനിന്ന് പിടികൂടി. മാന്നാർ കയ്യാലയത്ത് തറയിൽ അഖിൽ (21), തിരുവനന്തപുരം നെല്ലിക്ക പറമ്പ് ജോബി ഭവനിൽ ജോബി ജോസ് (34), ചെങ്ങന്നൂർ ചക്കാലയിൽ വീട്ടിൽ വിശ്വം (24), ചെങ്ങന്നൂർ വാഴത്തറയിൽ ജിത്തു ശിവൻ (26), കാരയ്ക്കാട് പുത്തൻപുരയിൽ ഷെമൻ മാത്യു (3), മാവേലിക്കര നിരപ്പത്ത് വീട്ടിൽ ആശിഷ് (21), ആലപ്പുഴ വലിയകുളങ്ങര സ്വദേശി രജിത്ത് (23) എന്നിവരാണ് പ്രതികൾ.

കിടങ്ങന്നൂരിൽ കുറേനാളുകളായി ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം നടത്തുകയായിരുന്നു സംഘമെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘവും ഇലവുംതിട്ട, ആറൻമുള പൊലീസും സംയുക്തമായാണ് ഫ്‌ളാറ്റിൽ പരിശോധന നടത്തിയത്.