കുട്ടനാട് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശന വളഎഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. ഇന്നലെ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. 108 കലശാഭിഷേകം , വിശേഷാൽ പൂജകൾ എന്നിവയും നടന്നു. തുടർന്ന് പഞ്ചവാദ്യം , നാദസ്വരം, മുത്തുക്കുടകൾ എന്നിവയുടെ അകമ്പടിയോടെ ഗൗരിദർശന വള എഴുന്നള്ളത്ത് ആരംഭിച്ചു. ഭക്തജനദർശനത്തിനായി ക്ഷേത്ര ആനക്കൊട്ടിലിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ വള പ്രതിഷ്ഠിച്ചു. തുടർന്ന് ക്ഷേത്രത്തിന്റെ നാലു നടകളിലും സമൂഹ എഴുന്നള്ളത്തും നടന്നു
നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത ഗൗരിദർശന വളഎഴുന്നളളത്തിന് യു.പ്രതിഭ എം.എൽ.എ ഭദ്രദീപം തെളിച്ചു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി , അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി , ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി .
ആദ്യ വെള്ളിയാഴ്ച ദിവസങ്ങളിലെ വിളിച്ചു ചൊല്ലി പ്രാർത്ഥന ഉൾപ്പെടെയുള്ള എല്ലാ പതിവ് സമർപ്പണങ്ങളും മഹാ പ്രസാദമൂട്ടും നടന്നു. ക്ഷേത്ര പരിസരത്തെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്വത്തിൽ തങ്ങളുടെ വരുമാനത്തിൽ നിന്നും സ്വരൂപിച്ച പതിനായിരം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി യു പ്രതിഭ എം എൽ എയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, വ്യാപാരി കൂട്ടായ്മ സെക്രട്ടറി കെ.സതീഷ്കുമാർ, വിജയകുമാർ ബി,പ്രസന്നകുമാർ പി, കെ.സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.