മല്ലപ്പള്ളി : താഴത്തുവടകര - ചിറയ്ക്കൽപാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന പുതിയ പാലം നിർമ്മിക്കുന്നതിന് 20.22 കോടി രൂപയുടെ സാങ്കേതിക അനുമതിയായതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമായി. 76 മീറ്റർ നീളത്തിൽ 11 മീറ്റർ വീതിയിലുമുള്ള പാലത്തിൽ 7.5 മീറ്റർ വീതിയിലാണ് ടാറിംഗ്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതം വീതിയിൽ നടപ്പാതയുമുണ്ട്. താഴത്തുവടകര ഹയർ സെക്കൻഡറി, നിർദ്ദിഷ്ട സർക്കാർ നഴ്‌സിംഗ് കോളേജ്, സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള നിർദ്ദിഷ്ട ഭിന്നശേഷി ഗ്രാമം ഉൾപ്പെടെ സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, സ്വകാര്യ ആശുപത്രികൾ, കോട്ടാങ്ങൽ ക്ഷേത്രം തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലേയ്ക്കും മല്ലപ്പള്ളി, വായ്പ്പൂര്, കോട്ടാങ്ങൽ, ചുങ്കപ്പാറ, എരുമേലി പ്രദേശങ്ങളിലേക്കും ഏറ്റവും ചുരുങ്ങിയ ദൂരത്തിൽ ഈ പാലത്തിലൂടെ എത്താൻ കങ്ങഴ, വെള്ളാവൂർ, കുളത്തൂർമൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സാധിക്കും. നിലവിൽ എട്ടുകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് ഇവിടങ്ങളിലെത്തുന്നത്. ഏക ആശ്രയമായിരുന്ന ജലസേചന വകുപ്പിന്റെ കടത്തുവള്ളം ഇപ്പോൾ നിലച്ചിരിക്കുകയാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ബഡ്ജറ്റിൽ അനുവദിച്ച 13കോടിക്ക് പുറമേയുള്ള തുക അധികമായി അനുവദിച്ച് ധനകാര്യ മന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെയും പൊതുമരാമത്ത് മന്ത്രിയുടെ പ്രത്യേക ഇടപെടലിലൂടെയുമാണ് ഇപ്പോൾ അന്തിമാനുമതി ലഭിച്ചിരിക്കുന്നത്. പാലത്തിന്റെ സോയിൽ ഇൻവെസ്റ്റിഗേഷനും ഡിസൈനും അടക്കം പൂർത്തിയാക്കി പൂർണമായ എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നതിന് സാങ്കേതിക അനുമതി കൂടി ലഭ്യമായതിനാൽ ഈയാഴ്ചതന്നെ ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.