edanad
ഇടന്നാട്ടിൽ കഴഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ പന്നിക്കൂട്ടം

ചെങ്ങന്നൂർ : നഗരസഭയിലെ ഇടനാട്ടിൽ ഏക്കർ കണക്കിനുവരുന്ന പ്രദേശത്ത് വിളനാശം വരുത്തിയുള്ള കാട്ടുപന്നിശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. കുറച്ചുനാൾ മുൻപ് ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ പന്നികളെ തുരത്താൻ വനംവകുപ്പിനെ പങ്കെടുപ്പിച്ച് യോഗം ചേർന്നെങ്കിലും തുടർനടപടി ആകാത്തതിൽ പ്രതിഷേധം വ്യാപകമാണ്. വ്യാപക കൃഷിനാശത്തിനു പുറമെ ജനങ്ങളുടെ ജീവനും ഭീഷണി ഉയർത്തുകയാണ് രാത്രിയുടെ മറവിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ. രാത്രിയിൽ സ‌ഞ്ചരിക്കുന്ന ഇരുചക്ര വാഹനയാത്രികർക്കും കാൽ നടയാത്രികർക്കുമാണ് ഏറെ ഭീഷണിയാകുന്നത്. റോഡരികിലെ വീട്ടുമുറ്റത്തും പരിസരങ്ങളിലും ഇവ കുട്ടമായെത്തുന്നതിനാൽ ആളുകൾക്ക് രാത്രി പുറത്തിറങ്ങാൻ ഭയക്കുകയാണ്. ഇടനാട് എൻ.എസ്. എസ് കരയോഗം വക മൂന്നര ഏക്കറിലേറെ കരകൃഷിയാണ് കാട്ടുപന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചത്. കർഷകരായ ഡി.സുരേഷ് കുമാർ, ശശിധരൻപിള്ള തുടങ്ങിയവർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന സ്ഥലത്താണ് കാട്ടുപന്നികൃഷി നശിപ്പിച്ചത്. വാഴകൾ, ചേമ്പ്, കാച്ചിൽ, തെങ്ങും തൈകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കിയതായി കണക്കാക്കുന്നു. മാസങ്ങൾക്ക് മുൻപ് പള്ളിക്കൽ പി.കെ ചെറിയാന്റെയും ഹരികുമാറിന്റെയും പുരയിടത്തിലെ തെങ്ങിൻ തൈകളും ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചിരുന്നു. പള്ളിക്കൽ ബാബുവിന്റെ കായ്‌ഫലമാകാറായ തെങ്ങുകളും തെങ്ങിൻ തൈകളും നിരവധി മരച്ചീനികളുമാണ് പൂർണമായും പിഴുത് കളഞ്ഞത്. വെങ്ങാലിൽ വി.സി ജോർജിന്റെ പുരയിടത്തിലെ വിളവെടുക്കാറായ മരിച്ചീനികളും നശിപ്പിച്ചിരുന്നു. പുറം തൊലി പൊളിച്ച് പുത്തൻകാവ് തെക്കെടത്ത് നാലുഴത്തിൽ ടി.എ ഏബ്രഹാമിന്റെ കൃഷിയിടത്തിലെയും ا പുത്തൻകാവ്, മുളക്കുഴ, അങ്ങാടിക്കൽ, ഗവ.ഐ.ടി.ഐ.ആഞ്ഞിലിമൂട് പ്രദേശത്തെയും മരച്ചീനിഉൾപ്പെടെ വൻതോതിൽ നശിപ്പിച്ചവയിൽപ്പെടുന്നു. പുത്തൻകാവിലും, ഇടനാട്ടിലും ഏക്കർകണക്കിന് സ്ഥലങ്ങൾ കാടു പിടിച്ച്, കൃഷി ചെയ്യാതെ കിടക്കുന്നത് കാട്ടുപന്നികൾക്ക് താവളമാക്കാൻ അവസരമൊരുക്കുന്നതായി ആക്ഷേപമുണ്ട്.

......................................

കടം വാങ്ങിയും പലിശക്കെടുത്തും ഇറക്കുന്ന കാർഷികവിളകൾക്ക് തുടർച്ചയായുണ്ടാകുന്ന നഷ്ടം നികത്താനാകാതെ കർഷകർ വലയുകയാണ്. നഗരസഭയും ബന്ധപ്പെട്ട അധികാരികളും കാട്ടുപന്നികളെ തുരത്താൻ നടപടിയെടുക്കണം.

രാം മോഹൻ

(പ്രദേശവാസി)

.........................

1. മൂന്നര ഏക്കറിലെ കൃഷിനശിപ്പിച്ചു

2. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം

3. കാടുപിടിച്ച സ്ഥലങ്ങളിൽ താവളമാക്കി പന്നിക്കൂട്ടം