പത്തനംതിട്ട : രണ്ടു വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ബംഗ്ലാവിലേക്ക് ജില്ലാ കളക്ടർ സെപ്തംബർ അഞ്ചിന് താമസം മാറും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഒാൺലൈനായി ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി കെ.രാജൻ, ആരോഗ്യമന്ത്രി വീണാജോർജ് എന്നിവർ പങ്കെടുക്കും. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഇനി കുടുംബസമേതം കുലശേഖരപേട്ടയിലെ സർക്കാർ കെട്ടിടത്തിലേക്ക് താമസം മാറ്റും. ഇവിടെ ഒരു മുറി കളക്ടറുടെ ഒാഫീസായി പ്രവർത്തിക്കും. രണ്ടു വർഷം മുൻപ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കി പെയിന്റ് ചെയ്തിട്ട ബംഗ്ളാവ് കാടുപിടിച്ചു കിടക്കുകയായിരുന്നു. കിണർ നിർമ്മാണവും ജലവിതരണ പൈപ്പുലൈൻ നിർമ്മാണവും മാത്രമായിരുന്നു ബാക്കിയായത്. ഇപ്പോഴത്തെ ജില്ലാ കളക്ടർ ചുമതലയേറ്റ ശേഷം കിണർ കുഴിക്കുകയും പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തു. ഫർണിച്ചറുകളും മറ്റു ഗൃഹോപകരണങ്ങളും വാങ്ങി. കാടുപിടിച്ച പരിസരം വൃത്തിയാക്കി. ഉദ്ഘാടനത്തിന് മന്ത്രിമാരുടെ തീയതിക്ക് കാത്തിരിക്കുകയായിരുന്നു. വയനാട് ദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായതിനാൽ തീയതി ലഭിച്ചിരുന്നില്ല. സെപ്തംബർ ആദ്യ ആഴ്ച കളക്ടർ ബംഗ്ളാവ് ഉദ്ഘാടനം ചെയ്യാമെന്ന് മന്ത്രിമാർ അറിയിച്ചതിനെ തുടർന്നാണ് അഞ്ചാം തീയതി നടത്താൻ തീരുമാനിച്ചത്.
2.20 ലക്ഷം ലാഭം
സ്വന്തം കെട്ടിടമുണ്ടായിട്ടും കളക്ടർ വർഷങ്ങളായി വാടക വസതികളിൽ താമസിക്കുകയായിരുന്നു. നന്നുവക്കാട് വാടക വീടിന് 18,344രൂപയാണ് പൊതുമരാമത്ത് നിശ്ചയിച്ച വാടക. പ്രതിവർഷം 2,20,128രൂപയാണ് ചെലവാകുന്നത്.
പുതിയ കെട്ടിടം
പൊതുമരാമത്ത് നിർമ്മാണം തുടങ്ങിയത് 2019 ഡിസംബറിൽ
പണി പൂർത്തിയായത് 2022 മാർച്ചിൽ
70 സെന്റ് സ്ഥലത്ത് 4842 ചതരുശ്ര അടി വിസ്തീർണം
കുടുംബസമേതം താമസ സൗകര്യം, ഓഫീസ് മുറി, പാർക്കിംഗ്.
അറ്റകുറ്റപ്പണകൾ പൂർത്തിയായി. ലളിതമായ ഉദ്ഘാടനത്തിന് മന്ത്രിമാർ പങ്കെടുക്കും.
എസ്.പ്രേംകൃഷ്ണൻ, ജില്ലാ കളക്ടർ