പത്തനംതിട്ട : ഓണക്കാലത്തെ വിഭവ സമൃദ്ധമാക്കാൻ തയ്യാറെടുക്കുന്ന മലയാളിക്ക് സാധനങ്ങളുടെ വിലവർദ്ധനവ് താങ്ങാവുന്നതിലും അപ്പുറമാണ്. പച്ചക്കറിക്കും പഴവർഗങ്ങൾക്കും മത്സ്യത്തിനും പുറമെ വെളിച്ചെണ്ണയുടെ വിലയും വർദ്ധിച്ചു.
ഏത്തക്കായുടെ വില ഇപ്പോൾതന്നെ 100ൽ എത്തി. വരും ദിവസങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഉരുളക്കിഴങ്ങിനും സവാളയ്ക്കും വെളുത്തുള്ളിക്കുമെല്ലാം വില കൂടി. തുടർച്ചയായ കാറ്റും മഴയും വെള്ളപ്പൊക്കവുമാണ് പച്ചക്കറി വിലവർദ്ധിക്കാൻ കാരണമെങ്കിൽ ട്രോളിംഗിന് ശേഷവും കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതും ലഭ്യതയിലുണ്ടായ കുറവുമാണ് മീൻ വില ഉയരാൻ കാരണം. വിപണയിൽ സർക്കാർ ഫലപ്രദമായി ഇടപെടീൽ നടത്തിയില്ലെങ്കിൽ സാധാരണക്കാരന് ഇക്കുറി കൈപൊള്ളുന്ന ഓണാനുഭവമാകും ഉണ്ടാവുക.
വിലവിവരപ്പട്ടിക
ഒരു മാസം മുൻപുള്ള വില
(ഇപ്പോഴത്തെ വില ബ്രാക്കറ്റിൽ)
പച്ചക്കറി
ഉരുള കിഴങ്ങ് : 40 - (60)
സവാള : 30 - (50)
വെളുത്തുള്ളി : 280 - (320)
വഴുതന : 50 - (80)
നാരങ്ങ : 80 - (200)
പഴവർഗം
പാളയങ്കോടൻ : 30 - (60)
ഞാലിപൂവൻ : 80 - (100)
പൂവൻപഴം : 60 - (90)
ഏത്തയ്ക്ക നാടൻ : 70 - (100)
ഏത്തയ്ക്ക് വയനാടൻ : 60 - (80)
ചുവന്നപൂവൻ : 50 - (80)
വെളിച്ചെണ്ണ : 140 - (180)
നിത്യോപയോഗസാധനങ്ങളുടെ വില വർദ്ധനവ് കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇല്ലാതാക്കുകയാണ്. ഇടത്തരക്കാർക്കും കൂലിവേലക്കാർക്കുമാണ് വിലവർദ്ധനവ് തിരിച്ചടിയാകുന്നത്. പല മാസങ്ങളിലും കുടുംബം പുലർത്താൻ കടം വാങ്ങേണ്ട അവസ്ഥയാണ്.
ശാന്തമ്മ, വീട്ടമ്മ
തലച്ചിറ