crime

പത്തനംതിട്ട : മാർത്താേമസഭയിലെ വൈദികനെയും തന്നെയും ചേർത്ത് ചിത്രം സഹിതം സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അടൂർ പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്ന് പരാതിക്കാരി. തെളിവ് നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും അന്വേഷണം വനിതാ എസ്.പിയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായി യുവതിയും അഭിഭാഷകൻ സോജി മെഴുവേലിയും പത്രസമ്മേളനത്തിൽ അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിക്കുന്നതിനെതിരെ അടൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. മാദ്ധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്ന് കേസടുത്തു. തന്റെയും വൈദികന്റെയും ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ പൊലീസ് നടപടിയെടുത്തില്ല. കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ല. ഉന്നത രാഷ്ട്രീയ നേതാക്കളുമായി പ്രതികൾക്കുള്ള ബന്ധമാണ് ഇതിനുകാരണം. സഭയിലെ വൈദികർ തമ്മിലുള്ള പ്രശ്നങ്ങളിൽ ഒരു വിഭാഗമാണ് തന്റെയും വൈദികന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ നൽകി അപകീർത്തിപ്പെടുത്തുന്നത്. തന്റെ കുടുംബസുഹൃത്താണ് കൗൺസലിംഗ് നടത്തുന്ന വൈദികൻ. വിവാഹബന്ധം വേർപെടുത്താൻ നിയമപരമായ മാർഗങ്ങൾ തേടിയ ശേഷം താൻ വൈദികന്റെയടുത്ത് കൗൺസലിംഗിന് പോയിരുന്നു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങാൻ നേരമാണ് ഫോട്ടോയെടുത്ത് ഒരു വിഭാഗം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് യുവതി പറഞ്ഞു.