പ്രമാടം : കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുന:ക്രമീകരണത്തത്തിന്റെ ഭാഗമായി ഒരു വർഷം മുമ്പ് നിറുത്തലാക്കിയ ഗുരുവായൂർ ഫാസ്റ്റിന് വീണ്ടും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ജില്ലാ കളക്ടർ വിളിച്ച ആർ.ടി.എ ബോർഡ് യോഗത്തിലും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ആലോചനാ യോഗത്തിലും ഇത് സംബന്ധിച്ച് യാത്രക്കാരും നാട്ടുകാരും നിവേദനങ്ങൾ നൽകിയിരുന്നു. വിഷയം അനുഭാവപൂർവം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ വീണ്ടും ബസ് ഓടിത്തുടങ്ങുമെന്ന പ്രതീക്ഷ ഉണർന്നിരിക്കുന്നത്. കോന്നി -പ്രമാടം -പത്തനംതിട്ട വഴിയാണ് കെ.എസ്.ആർ.ടി.സിയുടെ ഗുരുവായൂർ ഫാസ്റ്റ് സർവീസ് നടത്തിയിരുന്നത്. കരിമാൻതോട്ടിൽ നിന്ന് പുലർച്ചെ പുറപ്പെട്ടിരുന്ന ബസാണിത്.. എല്ലാ ദിവസവും ലാഭത്തിലാണ് സർവീസ് നടന്നിരുന്നതെന്ന് ജീവനക്കാർ പറയുമ്പോഴും എന്തിനാണ് നിറുത്തലാക്കിയതെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.

കൊവിഡ് സമയത്ത് നിറുത്തലാക്കിയ സർവീസുകൾ പുനക്രമീകരിച്ചിട്ടില്ല

നേരത്തെ ഈ റൂട്ടിൽ നിരവധി കെ.എസ്.,ആർ.ടി.സി ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ കൊവിഡ് ലോക്ക് ഡൗൺ സമയത്തെ നിയന്ത്രണങ്ങളെ തുടർന്ന് റദ്ദാക്കിയ ഒരു കെ.എസ്.ആർ.ടി.സി ബസും പിന്നീട് പ്രമാടം റൂട്ടിൽ പുന:സ്ഥാപിച്ചിട്ടില്ല. പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നും ഏഴ് ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഈ റൂട്ടിൽ നടത്തിയിരുന്ന എല്ലാ സർവീസുകളും ലാഭത്തിലായിരുന്നു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക്12 വരെ ഒരു മണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെ മണിക്കൂറുകളുടെ വ്യത്യാസത്തിലുമായിരുന്നു സർവീസ് . ഗുരുവായൂർ ഫാസ്​റ്റിനും നല്ല രീതിയിൽ യാത്രക്കാരുണ്ടായിരുന്നു. ജില്ലയ്ക്ക് പുറത്തും പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല.

........................................

ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഈ സർവീസ് ജില്ലയ്ക്ക് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും എറണാകുളത്തെ ഉൾപ്പടെ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി പോകുന്ന രോഗികൾക്കും ഏറെ പ്രയോജനകരമായിരുന്നു

(യാത്രക്കാർ)​

......................................

പത്തനംതിട്ട - കോന്നി ഡിപ്പോകളിൽ നിന്ന് 7 ബസ് സർവീസ്