പത്തനംതിട്ട : സാലറി ചലഞ്ച് പ്രഖ്യാപനത്തിലൂടെ സർക്കാർ ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം നൽകണമെന്ന നിർബന്ധിത ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.രാജേഷ് ആവശ്യപ്പെട്ടു. ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസത്തെ ശമ്പളം നൽകാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള ജീവനക്കാർ അവരവരുടെ കഴിവിനനുസരിച്ച് സ്വമേധയ നൽകുന്ന തുക സ്വീകരിക്കുന്നതിന് സർക്കാരിന്റെ നിർബന്ധിത ഉത്തരവ് ഭേദഗതി ചെയ്യണമെന്നും അല്ലാത്ത പക്ഷം സാലറി ചലഞ്ചിൽ നിന്ന് എൻ.ജി.ഒ സംഘ് വിട്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ജി.ഹരീന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശിന് യാത്രയയപ്പ് നൽകി. സംസ്ഥാന വനിതാവിഭാഗം സംസ്ഥാന കൺവീനർ പി.സി.സിന്ധുമോൾ, സംസ്ഥാന സമിതി അംഗം എസ്.ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എൻ. രതീഷ്, ഡി.ദിജിൻ, ജില്ലാ സെക്രട്ടറി എം.രാജേഷ്, ട്രഷറർ പി.ആർ.രമേശ് എന്നിവർ സംസാരിച്ചു.