തിരുവല്ല : ജനകീയ പ്രതിഷേധം ഫലം കണ്ടു. ഏറെക്കാലമായി തകർച്ചയിലായ ഓതറ - ആറാട്ടുകടവ് റോഡിന്റെ പുനരുദ്ധാരണത്തിന് വഴിയൊരുങ്ങുന്നു. ആറാട്ടുകടവ് - ആൽത്തറ റോഡിന് 2021 - 22 വർഷത്തെ ശബരിമല ഉത്സവ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചിരുന്നത്. 2022 മാർച്ചിൽ ഈ പ്രവർത്തി ടെൻഡർ ചെയ്യുകയും ജൂണിൽ കരാറുകാരൻ നിർമ്മാണം ഏറ്റെടുക്കുകയും ചെയ്തു. റോഡിന്റെ പാർശ്വഭിത്തികളുടെയും കലുങ്കിന്റെയും നിർമ്മാണം പൂർത്തീകരിച്ചുവെങ്കിലും, ജലജീവൻ മിഷന്റെ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾക്കായി നിർമ്മാണം നിർത്തിവച്ചു. ഈ ജോലികൾക്ക് കാലതാമസം നേരിട്ടതിനാൽ കാലാവധിക്കുള്ളിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കാനായില്ല. മാത്രമല്ല തകർന്നുകിടന്ന റോഡിൽ പൈപ്പുകൾ സ്ഥാപിച്ചതോടെ തകർച്ച ഇരട്ടിയായി. പണി ചെയ്യാനാകാതെ കരാറുകാരൻ പിൻവാങ്ങി. വാഹന യാത്രക്കാർ കുഴികളിൽ വീണ് നിരവധി അപകടങ്ങളും ഉണ്ടായി. വർഷങ്ങൾ പിന്നിട്ടിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ച് ബഹുജനപ്രക്ഷോഭം നടത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഓതറ ജനകീയ വികസനസമിതിയുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുമ്പ് എം.സി റോഡ് നാട്ടുകാർ ഉപരോധിച്ചിരുന്നു.
അധിക തുകയ്ക്ക് ഭരണാനുമതി
നിർമ്മാണം നടന്നുവന്നിരുന്ന ആറാട്ടുകടവ് - ഓതറ റോഡിൽ കുടിവെള്ള പൈപ്പ് സ്ഥാപിച്ചപ്പോൾ ഉണ്ടായ തകരാറുകൾ പരിഹരിക്കാനായി അധിക തുകയ്ക്ക് ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. ഇപ്പോൾ റോഡിന്റെ തകരാറുകൾ പരിഹരിക്കാനുള്ള തുകയ്ക്കുകൂടിയാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
റോഡിന്റെ നിർമ്മാണപ്രവർത്തികൾ അടിയന്തരമായി തുടങ്ങാനുള്ള നടപടികൾ നടന്നുവരികയാണ്.
മാത്യു ടി.തോമസ് .എം.എൽ.എ