മല്ലപ്പള്ളി: കുന്നന്താനം കിൻഫ്ര പാർക്കിലെ ടി.എം.ടി സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ തീ പിടിത്തം. മേൽക്കൂരയും മിഷിനറികളും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നാശമുണ്ടായതായിട്ടാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 8.30 ന് പ്രവർത്തനം ആരംഭിച്ചപ്പോഴായിരുന്നു അപകടം. ജീവനക്കാരുടെ നേതൃത്വത്തിൽ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഓയിലും വെള്ളവും മിക്സ് ചെയ്യുന്ന പ്ലാൻഡ് ആയതിനാൽ തീ ആളിപ്പടരുകയായിരുന്നു. തുടർന്ന് ജീവനക്കാർ ഫയർഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചതോടെ കീഴ് വായ്പൂര് പൊലീസും, തിരുവല്ല, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്നും അഗ്നി രക്ഷാസേനയുടെ നാല് വാഹനങ്ങൾ എത്തി 10.30 ഓടെ തീ അണച്ചു. നാശനഷ്ടങ്ങളുടെ തുക പൂർണ്ണമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.