sadhya

കോഴഞ്ചേരി : നാളെ നടക്കുന്ന ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി. പാർത്ഥസാരഥി ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്ന് പകർന്നു നൽകി, പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ നിലവിളക്കിലേക്ക് തെളിച്ച ദീപത്തിൽ നിന്ന് മുതിർന്ന പാചകക്കാരൻ വിനോദ് കുമാർ സോപാനം ഊട്ടുപുരയിലെ അടുപ്പിൽ അഗ്നി പകർന്നതോടെ പാചകശാല ഉണർന്നു. സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, വൈസ് പ്രസിഡന്റ് സുരേഷ്, അഷ്ടമിരോഹിണി വള്ളസദ്യ കൺവീനർ സുരേഷ് കുമാർ, അജയ് ഗോപിനാഥ്, രമേശ് മാലിയിൽ ബി.കൃഷ്ണകുമാർ, അജി ആർ.നായർ, കെ.ആർ.സന്തോഷ്, ശശികുമാർ, രഘുനാഥ്, വിജയകുമാർ, പാർത്ഥസാരഥി, ഡോ.സുരേഷ് കുമാർ, മുരളി ജി.പിള്ള , അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി , ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.ബി.സുധീർ എന്നിവർ പങ്കെടുത്തു.
വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണാജോർജ്, എം.എൽ.എമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ എന്നിവർ പങ്കെടുക്കും.
ഒരുലക്ഷം പേർക്കുള്ള സദ്യയാണ് പാചകശാലയിൽ തയ്യാറാക്കുന്നത്. സദ്യക്ക് ആവശ്യമായ 500പറ അരി ചെന്നിത്തല പള്ളിയോട കരയിൽ നിന്ന് വഴിപാടായി സമർപ്പിക്കും. 52 കരകളിൽ നിന്ന് ഭക്തർ നൽകുന്ന ഉൽപന്നങ്ങൾക്ക് പുറമേ ഹോർട്ടികോർപ്പ്, നാരങ്ങാനം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും വിഷരഹിത പച്ചക്കറി വിലകൊടുത്തും വാങ്ങിയിട്ടുണ്ട്. 1500 ലിറ്റർ തൈര് ചേനപ്പാടിയിൽ നിന്ന് ഇന്ന് രാവിലെ 10ന് ആഘോഷപൂർവം ക്ഷേത്രത്തിലെത്തിക്കും. അമ്പലപ്പുഴയിൽ നിന്ന് എത്തുന്ന പാചക വിദഗ്ദ്ധർ അമ്പലപ്പുഴ പാൽപ്പായസം തയ്യാറാക്കും. 52 പള്ളിയോട കരക്കാർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. പാഞ്ചജന്യം, കൃഷ്ണവേണി എന്നീ ഒാഡിറ്റോറിയങ്ങളിലും സദ്യ നടത്തും.

സദ്യ ഒരുക്കുന്നത് ഒരു ലക്ഷം പേർക്ക്,
1500 ലിറ്റർ പാളതൈര് ചേനപ്പാടിയിൽ നിന്ന്,
സദ്യയ്ക്ക് അമ്പലപ്പുഴ പാൽപ്പായസവും