പത്തനംതിട്ട : നഗരസഭ നടപ്പാക്കുന്ന അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ ജലശുദ്ധീകരണ പ്ലാന്റ് നിർമ്മാണം സെപ്തംബറിൽ ആരംഭിക്കും. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവമ്പാറ, വഞ്ചിപൊയ്ക, ചൂട്ടിപ്പാറ, പരുവപ്ലാക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ടാപ്പുവഴി കുടിവെള്ളമെത്തിക്കാനാണ് പദ്ധതി. 14 കോടി രൂപ ചെലവഴിച്ച് 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
60 ലക്ഷം ലിറ്റർ കുടിവെള്ളമാണ് നിലവിൽ വിതരണം ചെയ്യുന്നത്. ഇത് പര്യാപ്തമല്ല. ഈ കുറവ് പരിഹരിക്കാനാണ് ശ്രമം. വികസിത രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ആധുനിക ശുദ്ധീകരണ പ്ലാന്റാണ് പാമ്പൂരി പാറയിൽ രൂപകല്പന ചെയ്തിട്ടുള്ളത്. പ്ലാന്റ് പൂർത്തിയാകുന്നതോടെ പ്രതിദിനം 140 ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യാനാകും. അമൃത് 2.0 പദ്ധതിക്കായി ലഭിക്കുന്ന 26കോടിയിൽ എട്ടുകോടി രൂപ ആദ്യ ഘട്ടത്തിൽ ലഭിക്കും.
കിണറിന്റെയും കളക്ഷൻ ചേമ്പറിന്റെയും നിർമ്മാണം പൂർത്തീകരിച്ചു. വിവിധ പ്രദേശങ്ങളിൽ വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിച്ചു വരികയാണ്. ഉയർന്ന സ്ഥലങ്ങളിൽ ടാങ്കുകൾ സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായി. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ നഗരസഭയിൽ ചെർന്ന യോഗത്തിൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ജല വിഭവ വകുപ്പ് അസി. എക്സി. എൻജിനീയർ പ്രദീപ് ചന്ദ്ര, കരാറുകാരായ ഫിൻസ് എൻജിനീയേഴ്സ് കമ്പനി എം.ഡി.സുരേഷ്.പി. എൻ, അമൃത് 2.0 ജില്ലാ കോ-ഓർഡിനേറ്റർ ആദർശ് ദേവരാജ്, മുനിസിപ്പൽ എൻജിനീയർ സുധീർരാജ്, എന്നിവർ പങ്കെടുത്തു.
അമൃത് 2.0
ജില്ലയിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി
ചെലവ് 26 കോടി
വിതരണം ചെയ്യുന്നത് പ്രതിദിനം 140 ലക്ഷം ലിറ്റർ ശുദ്ധജലം
------------------------
പ്ളാന്റ് പൂർത്തിയാകുന്നതോടെ നഗരസഭയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാമാകും.
അഡ്വ. ടി സക്കീർ ഹുസൈൻ
നഗരസഭാ ചെയർമാൻ
പത്തനംതിട്ട