പത്തനംതിട്ട: പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ എട്ടനോമ്പാചരണത്തിന് ഇന്ന് കൊടിയേറും. സെപ്റ്റംബർ ഒന്നു മുതൽ എട്ടുവരെ എല്ലാദിവസവും രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് ധ്യാനശുശ്രൂഷയും ഉണ്ടാകുമെന്ന് ഫാ.എബി ടി. സാമുവേൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്നു രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം പെരുന്നാളിനു തുടക്കം കുറിച്ച് കൊടിയേറും. തുടർന്ന് പൂർവികരെ സ്മരിച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടാകും. ഒന്നിന് രാവിലെ ഡോ.യുഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. 10.30 മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഉണ്ടാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് കുടുംബസംഗമത്തിൽ ഫാ.ബ്രിൻസ് അലക്‌സ് മാത്യൂസ് പ്രസംഗിക്കും. നാലിന് രാവിലെ യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് മർത്തമറിയം സമാജം വനിതാ സംഗമം. ജിഷാ തോമസ് ക്ലാസെടുക്കും. ഏഴിന് വൈകിട്ട് 4.30ന് പകൽ റാസ. ആറിന് സന്ധ്യാനമസ്‌കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകും. പുത്തൻപീടിക സെന്റ് മേരീസ് കുരിശടിയിലേക്ക് ചെമ്പെടുപ്പ് പ്രദക്ഷിണം, അരിയിടീൽ. എട്ടിനു രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത കാർമ്മികത്വം വഹിക്കും. മദ്ധ്യസ്ഥ പ്രാർത്ഥന, കുരിശടിയിലേക്ക് പ്രദക്ഷിണം, വാഴ്വ്, മെറിറ്റ് അവാർഡ് വിതരണം, നേർച്ചവിളമ്പ് . ട്രസ്റ്റി തോമസ് വർഗീസ്, സെക്രട്ടറി റോൺസൺ ജോൺ, തങ്കച്ചൻ വി. ജോൺ, റെജി ജോർജ്, ലിനു മാത്യു, ജോൺ വർഗീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.