അപകടത്തിന് ദൃക്സാസാക്ഷിയും രക്ഷാപ്രവർത്തകനുമായ
കേരളകൗമുദി ലേഖകൻ
ടി.എസ്.സനൽ കുമാറിന്റെ വാക്കുകൾ
സമയം രാവിലെ 6.10, വലിയ ശബ്ദംകേട്ട് ഞെട്ടി ഉണരുകയായിരുന്നു. വാഹനത്തിരക്കില്ലാത്ത എം.സി റോഡിൽ ബസും ലോറിയും കൂട്ടിമുട്ടി വലിയ അപകടം. ലോറിയുടെ ക്യാബിനെ ബസ് വിഴുങ്ങിയ പ്രതീതി. ഒാടിക്കൂടിയ പ്രദേശവാസികൾക്കൊപ്പം രക്ഷാപ്രവർത്തനത്തിന് മുതിർന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ലോറി ഡ്രൈവർ ബസിന്റെ ഗിയർ ബോക്സിന്റെ ഭാഗത്ത് കുടുങ്ങിയ നിലയിൽ. നിലവിളിക്കാൻ പോലുമാകാത്ത അവസ്ഥ. തൊട്ടടുത്ത് സ്റ്റിയറിംഗ് നെഞ്ചിലേക്ക് അമർന്ന നിലയിൽ ബസ് ഡ്രൈവറും. വലതുകാലിന്റെ എല്ലുകൾ ഒടിഞ്ഞുതൂങ്ങി ജീവനുവേണ്ടി യാചിക്കുന്ന ദയനീയ കാഴ്ച.
ബസിനുള്ളിൽ സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളി, അപകട സ്ഥലത്തേക്ക് ആളുകൾ ഒാടിക്കൂടുന്നു. ബസിന്റെ വാതിൽ തുറക്കാനാകാത്ത വിധം ഞെരുങ്ങിയ നിലയിലുമായിരുന്നു.
ബസിന്റെ ജനൽചില്ലുകൾ പൊട്ടിച്ച് രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും വാഹനത്തിന്റെ ഉയരക്കൂടുതൽ തടസമായി. തൊട്ടുപിന്നാലെ എമർജൻസി വാതിൽ തുറന്ന് അകത്തു കയറി പരിക്കേറ്റവരെ പുറത്തെത്തിച്ചു. ആംബുലസുകളിൽ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്ന് റബർഷീറ്റ് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം
ബസിന്റെയും ലോറിയുടെയും ഡ്രൈവർമാരെ വാഹനങ്ങളുടെ മുൻഭാഗം പൊളിച്ചു മാറ്റാതെ പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു. ബസ് പിന്നോട്ടു നീക്കാൻ ശ്രമിച്ചെങ്കിലും ഡ്രൈവർമാരുടെ ജീവൻ കൂടുതൽ അപകടത്തിലാകുമെന്ന് കണ്ടതോടെ ആശ്രമം ഉപേക്ഷിച്ചു.
7.15ന് അടൂരിൽ നിന്ന് ഫയർഫോഴ്സും ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. ഹൈഡ്രോളിക് കട്ടറുകളും നാട്ടുകാരെത്തിച്ച കട്ടറുകളും ഉപയോഗിച്ച് വാതിലുകൾ മുറിച്ചു മാറ്റി എട്ടു മണിയോടെ ലോറി ഡ്രൈവർ ജോയിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. 8.15ന് ബസ് ഡ്രൈവർ വട്ടപ്പാറ സ്വദേശി മിഥുൻ രാജിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.