കോന്നി : വർഷങ്ങൾ കഴിഞ്ഞിട്ടും ചിറ്രൂർ കടവ് പാലത്തിന്റെ നിർമ്മാണം എങ്ങുമെത്തിയില്ല. മൂന്ന് തൂണുകളിൽ ഒതുങ്ങി പാലംപണി. അച്ചൻകോവിലാറിന് കുറുകെ ചിറ്റൂർ കടവിൽ 2016 ഫെബ്രുവരി 26നാണ് പാലം പണി തുടങ്ങിയത്. അന്ന് റവന്യൂ വകുപ്പിന്റെ റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്ന് 2.50 കോടി രൂപ അനുവദിച്ചു. നിർമ്മിതികേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആറിന്റെ ഇരുവശങ്ങളിലായി മൂന്ന് തൂണുകൾ പൂർത്തിയാക്കിയതോടെ പണി നിലച്ചു. പാലം പണിയിൽ സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത നിർമ്മിത കേന്ദ്രത്തിന് നിർമ്മാണ ചുമതല നൽകിയതും കരാറുകാരന് പണം നൽകാതിരുന്നതും പരാതിയായതോടെ കോടതി ഇടപെട്ടു. ഇതോടെയാണ് പണി നിലച്ചത്. നാലുവർഷം മുമ്പ് തുടർപണികൾക്കായി ഒരുകോടി രൂപ അനുവദിച്ചു. പക്ഷേ നിലവിലെ തൂണുകൾ സുരക്ഷിതമല്ലെന്ന് തിരുവനന്തപുരം സഹകരണ എൻജിനീയറിങ് കോളേജിലെ വിദഗ്ദ്ധ സംഘം കണ്ടെത്തിയതോടെ പണി അനിശ്ചിതത്വത്തിലായി. ഈ സർക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റിൽ പുതിയ പാലം നിർമ്മിക്കാൻ 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗമാണ് നിർമ്മാണ ഏജൻസി. എല്ലാ വലിയവാഹനങ്ങൾക്കും യാത്രചെയ്യാൻ കഴിയുന്ന നിലയിലാകും പുതിയ പാലത്തിന്റെ നിർമ്മാണം. നദിയിൽ 5 സ്പാനും കരയിൽ 8 സ്പാനും ഉണ്ടാകും. 232.15 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയും ഉണ്ടാകും.
പാലം വന്നാൽ യാത്ര സുഗമം
പാലം യാഥാർത്ഥ്യമായാൽ മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി മേഖലകളിലേക്കും ചിറ്റൂർ ജംഗ്ഷനിൽ നിന്ന് ചിറ്റൂർ ക്ഷേത്രത്തിലേക്കും മലയാലപ്പുഴ, വടശേരിക്കര, റാന്നി പ്രദേശങ്ങളിലേക്കും കോന്നി മെഡിക്കൽ കോളേജിലേക്കും യാത്ര എളുപ്പമാകും. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാനപാതയേയും കോന്നി വെട്ടൂർ കുമ്പഴ പാതയേയും പരസ്പരം ബന്ധിപ്പിക്കുവാൻ പാലത്തിനു കഴിയും. ആരുവാപ്പുലം ഐരവൺ പാലം കൂടി യാഥാർത്ഥ്യമായാൽ കോന്നി ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ പത്തനാപുരത്ത് നിന്നും പത്തനംതിട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ കോന്നി ടൗണിൽ എത്താതെ തിരിച്ചുവിടാനും കഴിയും.
" പാലത്തിന്റെ ശിലാസ്ഥാപനം നടത്തി എട്ടു വർഷം കഴിഞ്ഞിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല "
രാജേഷ് പേരങ്ങാട്ട് ( പൊതുപ്രവർത്തകൻ )
------------------
@ പണി തുടങ്ങിയത് 2016 ൽ
@ പണിത തൂണുകൾ സുരക്ഷിതമല്ല
@ പുതിയ പാലം പണിയാൻ 12 കോടി അനുവദിച്ചു