ചെങ്ങന്നൂർ: റവന്യൂ ടവർ നിർമ്മാണത്തിന് 21കോടി രൂപയുടെ ഭരണാനുമതിയായി. പഴയ താലൂക്ക് ഓഫീസിന്റെ കെട്ടിടം പൊളിച്ചുനീക്കുന്നതിനു ടെൻഡർ നടപടിക്രമങ്ങളായിട്ടുണ്ട്. പഴയ താലൂക്ക് ഓഫീസ് കെട്ടിടം ജീർണ്ണിച്ച് അപകടാവസ്ഥയിലായതിനെതുടർന്ന് ഒരുവർഷമായി എം.സി റോഡരികിലെ വാടകക്കെട്ടിടത്തിലാണ് താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത് . സ്ഥല പരിമിതി മൂലം അസൗകര്യങ്ങളുടെ നടുവിലാണ് നിലവിൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. 2021 ഫെബ്രുവരി 15ന് താലൂക്ക് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് നിർവഹിച്ചത്. സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടനിർമ്മാണത്തിന് 5.99 കോടി രൂപ അനുവദിക്കുകയായിരുന്നു. പിന്നീട് ആർ.ഡി.ഒ ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് മിനി ഓഫീസ് എന്നിവ കൂടി ഉൾപ്പെടുത്തി സിവിൽ സ്റ്റേഷൻ അനക്‌സ് വിഭാവനം ചെയ്തു. 57,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചു നിലകളിലായി കെട്ടിട സമുച്ചയം നിർമ്മിക്കും. പഴയ താലൂക്ക് ഓഫീസ് വളപ്പിൽ നിർമ്മിക്കുന്ന കെട്ടിടസമുച്ചയത്തിൽ വാഹനപാർക്കിംഗ്, കാന്റിൻ, താലൂക്ക് ഇലക്ഷൻ ഗോഡൗൺ, പൊതു ആവശ്യത്തിനുള്ള സ്ഥലം എന്നിവയ്ക്കായി താഴത്തെ നില ഉപയോഗിക്കും. സബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവ ഒന്നാം നിലയിലും താലൂക്ക് ഓഫീസ് രണ്ടാം നിലയിലും, ആർ.ഡി.ഒ ഓഫീസ് മൂന്നാം നിലയിലും താലൂക്ക് ഓഫീസിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റ് റൂം, പൊതുവായ കോൺഫറൻസ് ഹാൾ എന്നിവ നാലാം നിലയിലും പ്രവർത്തിക്കും. എല്ലാ നിലകളിലും പൊതുജനങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യം, പൊതു ടോയ്ലെറ്റ് , ജീവനക്കാർക്കുള്ള ടോയ്ലെറ്റ് എന്നിവയുണ്ടാകും. പ്രകൃതിക്ഷോഭം, വരൾച്ച, ഭൂമികുലുക്കം, തീപിടിത്തം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായാൽ അടിയന്തരഘട്ടത്തിൽ ഉപയോഗിക്കേണ്ട ഉപകരണങ്ങൾ സൂക്ഷിക്കേണ്ട കെട്ടിടങ്ങൾ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ, സ്ട്രോംഗ്റൂം തുടങ്ങിയവ ഒരുക്കും.