പന്തളം : രാത്രിയിൽ വീടുകയറി നടത്തിയ ആക്രമത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു, മുടിയൂർക്കോണം പ്രസന്ന ഭവനിൽ പ്രസന്നൻ (56) , ഭാര്യ ശ്രീദേവി ( 51) മകൻ അരുൺകുമാർ (31) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് ചേരിക്കൽ ആനക്കുഴിയിൽ കഞ്ചാവ് സംഘങ്ങൾ അക്രമം കാട്ടിയിരുന്നു. ഇതിന്റെ തുടർച്ചയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിൽ ആനക്കുഴിയിൽ നിൽക്കുകയായിരുന്ന പ്രദേശവാസികളെ ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ബൈക്കിൽ എത്തിയ നാലംഗ സംഘം മാരക ആയുധങ്ങളുമായി വീട് ആക്രമിക്കുകയായിരുന്നു. വീടിന്റെ പ്രധാന വാതിൽ തല്ലിത്തകർത്ത് അകത്തുകയറിയ അക്രമികൾ മാതാപിതാക്കളെയും അരുണിനെയും മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു.. അരുൺകുമാർ ഡി.വൈ.എഫ്.ഐ മുടിയൂർക്കോണം മേഖലാ ട്രഷററും, സി.ഐ.ടി.യു ലോഡിങ് തൊഴിലാളി യൂണിയൻ അംഗവുമാണ്. വീട് അക്രമിക്കുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വടിവാൾ, കമ്പിവടി എന്നിവയുമായാണ് സംഘം എത്തിയത്. വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയ ശേഷം ഉറങ്ങുകയായിരുന്ന പ്രസന്നന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. അക്രമത്തിൽ ഇടതുകൈ ഒടിഞ്ഞു. മകൻ അരുണിന്റെ വലതുകാലിലും ഗുരുതമായി പരിക്കേറ്റു . അമ്മ ശ്രീദേവിയുടെ കാലിലും പരിക്കേറ്റിട്ടുണ്ട്. ആക്രമികളിൽ ഒരാളുടെ എ.റ്റി.എം കാർഡ് സംഭവസ്ഥലത്തു നിന്ന് കിട്ടിയിട്ടുണ്ട്. സംഭവം നടന്ന ഉടൻ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചെങ്കിലും അവർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.