പത്തനംതിട്ട : ജന്മാഷ്ടമി സന്ദേശവുമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 458 ശോഭായാത്രകളും 153 മഹാശോഭായാത്രകളും ഇന്ന് നടക്കും.
ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി ജില്ലയിൽ 1328 കേന്ദ്രങ്ങളിലും 28,000 വീടുകളിലും പതാക ദിനാചരണത്തിന്റെ ഭാഗമായി ഗോകുല പതാകകൾ ഉയർത്തി.
300 കേന്ദ്രങ്ങളിൽ വൃക്ഷപൂജ, നദീവന്ദനം, ഗോപൂജ എന്നിവ നടന്നു.
വയനാട് ദുരിത ബാധിതർക്കായി ബാലഗോകുലം ശേഖരിച്ച തുകയുടെ ആദ്യ ഗഡു സേവാഭാരതിക്ക് കൈമാറി. ശോഭായാത്രകളിൽ ശേഖരിക്കുന്ന തുക രണ്ടാം ഗഡു എന്ന നിലയിൽ കൈമാറും. എല്ലാ ശോഭായാത്രകൾക്കും മുന്നോടിയായി വയനാട് അനുശോചനസന്ദേശം വായിക്കാനും പ്രത്യേക പ്രാർത്ഥനയ്ക്കും ബാലഗോകുലം സംസ്ഥാന ഘടകം ആഹ്വാനം ചെയ്തിട്ടുണ്ട്.
മഹാശോഭായാത്രകൾ നടക്കുന്ന ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സാംസ്കാരിക സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ബാലഗോകുലം സംയുക്ത കേരളത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ പ്രസന്നൻ മാസ്റ്റർ, ആർ.എസ്.എസ് വിഭാഗ് സംഘചാലക് സി.പി.മോഹന ചന്ദ്രൻ, ശബരിഗിരി ജില്ലാ സംഘചാലക് ഡോ.വി.പി.വിജയമോഹൻ, ദക്ഷിണ കേരളം ഭഗിനി പ്രമുഖ രമാദേവി, സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല, സംസ്ഥാന ട്രഷറർ സി.വി.ശശി, അദ്ധ്യാത്മിക പ്രഭാഷകൻ എം.എം.ബഷീർ, ഭാരതീയ വിചാര കേന്ദ്രം ജില്ലാ അദ്ധ്യക്ഷൻ ഡോ.എം.എ.കബീർ, എ.ബി.വി.പി ജില്ലാ അദ്ധ്യക്ഷൻ അരുൺ മോഹൻ എന്നിവർ പങ്കെടുക്കും.