pambariver-

പത്തനംതിട്ട : പള്ളി​യോടത്തി​ൽ നി​ന്ന് വീണ് ആഴങ്ങളി​ൽ പൊലി​ഞ്ഞ തോമസ് ജോസഫി​ന്റെ വി​യോഗം തീർത്ത ഞെട്ടലി​ലാണ് കുറിയന്നൂർ കര. അപകടത്തി​ന് ഒരു മണി​ക്കൂറി​ന് ശേഷം പമ്പാനദിയിൽ നിന്ന് മൃതദേഹം കണ്ടെത്തി​യപ്പോൾ തീരത്ത് കൂടി​യവരെല്ലാം നി​ലവി​ളി​ക്കുകയായിരുന്നു. നൊമ്പരം താങ്ങാനാകാതെ ഭാര്യ ആഷ തളർന്ന് വീണു. ബന്ധുക്കളും വിദ്യാർത്ഥികളുമെല്ലാം വിതുമ്പി കരഞ്ഞു. തോമസ് ജോസഫ് കുറി​യന്നൂരുകാർക്ക് പ്രി​യപ്പെട്ട സണ്ണി​സാർ ആണ്. കുറിയന്നൂർ കരയുടെ എല്ലാ ആഘോഷങ്ങളിലും അദ്ദേഹം സജീവമായി​രുന്നു. കുറിയന്നൂർ മാർത്തോമ്മ ഹൈസ്കൂളിലെ അദ്ധ്യാപകനായി റിട്ടേയർഡ് ചെയ്യാനിരിക്കെയാണ് ആകസ്മിക വേർപാട്. കുറിയന്നൂർ മാർത്തോമ്മ ചർച്ചിന്റെ മുൻ ഭാരവാഹിയുമായിരുന്നു. പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും കുടുംബ പശ്ചാത്തലമടക്കം അറിയുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം.

വർഷങ്ങളായി​ അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് കുറിയന്നൂർ പള്ളി​യോടത്തി​ന്റെ രണ്ടാം അടനയമ്പുകാരനായി തോമസ് ജോസഫും ഉണ്ടാകുമായി​രുന്നു. വ്രതമെടുത്ത് ഇത്തവണയും പതിവ് തെറ്റാതെ വള്ളസദ്യയ്ക്ക് എത്തിയതായിരുന്നു അദ്ദേഹം. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച് വളർന്ന തോമസ് ജോസഫ് ചെറുപ്പം മുതലേ പള്ളിയോടത്തി​നൊപ്പം ആറൻമുളയി​ലുണ്ടായി​രുന്നു.

ഇന്നലെ പള്ളി​യോടം ആറൻമുളയ്ക്കു പോകുമ്പോൾ കോഴഞ്ചേരി പാലത്തിനു സമീപം ഇദ്ദേഹം വള്ളത്തിൽ നിന്ന് വെള്ളത്തി​ൽ വീണിരുന്നു. നീന്തി തിരികെ വള്ളത്തിൽ കയറുകയും രണ്ടാം അടനയമ്പ് വീണ്ടും എടുക്കുകയുമായി​രുന്നു. സത്രക്കടവ് ഭാഗത്ത് പള്ളി​യോടം തിരിക്കുമ്പോൾ തോമസ് വീണ്ടും വെള്ളത്തിൽ വീണ് താഴ്ന്ന് പോകുകയായിരുന്നു.