bandi
മുളക്കുഴയിൽ തനി നാടൻ ബന്തിപ്പൂ കൃഷി വിളവെടുപ്പ് തുടങ്ങി.

ചെങ്ങന്നൂ‌ർ: മുളക്കുഴയിൽ തനി നാടൻ ബന്തിപ്പൂ കൃഷി വിളവെടുപ്പ് തുടങ്ങി. മുളക്കുഴ പഞ്ചായത്തിൽ പത്താം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ ബന്തിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉ‌ദ്ഘാടനം വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാട് നിർവഹിച്ചു. കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ ലത വി.ആർ അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ തരിശ് രഹിത ഭൂമിയിൽ കൃഷിയുടെ ഭാഗമായിട്ടാണ് ബന്തിപ്പൂ കൃഷി ആരംഭിച്ചത്. കൃഷിഭവൻ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്ന് ഒരു തൈയ്ക്ക് 4 രൂപ നിരക്കിൽ 3000 തൈകകൾ തൊഴിലുറപ്പ് തൊഴിലാളികൾ സ്വന്തമായി വാങ്ങിയാണ് ബന്തിപ്പൂകൃഷി ആരംഭിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും പൂക്കട നടത്തുന്നവർ വിപണനത്തിനായി സമീപിച്ചിട്ടുണ്ട്. കൂടാതെ ഓണത്തിന് കോളേജ്, സ്ക്കൂൾ, ഗ്രാമവാസികളും ഓഡർ നൽകിയിട്ടുണ്ട്. കുടുംബശ്രീ സി.ഡി.എസ് അംഗം ശാന്തമ്മ, തൊഴിലുറപ്പ് മേറ്റ്മാരായ ഉഷാകുമാരി, ജയകൃഷ്ണൻ, വൽസല , സരസമ്മ, സുധർമ്മ, ലതാംബിക, ശ്രീകല, ഓമനയമ്മ, വിജയമ്മ , ഉഷ എന്നിവർ നേതൃത്വം നൽകി.