abudhabi

ചെങ്ങന്നൂർ: സിനിമാമേഖലയിലെ സ്ത്രീവിരുദ്ധത അവസാനിപ്പിക്കാൻ സാദ്ധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.

ആർക്കെതിരെ എന്നത് പ്രശ്നമല്ല. ജന്മിത്ത കാലത്തുണ്ടായിരുന്ന ജീർണത പുതിയരീതിയിൽ അതിലും ഗുരുതരമായി ഈ മേഖലയിൽ നിലനിൽക്കുന്നു. അതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

അബുദാബി ശക്തി അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അവാർഡ് കമ്മിറ്റി ചെയർമാൻ പി.കരുണാകരൻ അദ്ധ്യക്ഷനായിരുന്നു. കൺവീനർ എ.കെ. മൂസ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായി. അവാർഡ് കമ്മിറ്റിയംഗം കവി എൻ.പ്രഭാവർമ്മ അവാർഡ് കൃതികൾ പരിചയപ്പെടുത്തി. സംഘാടക സമിതി ചെയർമാൻ എം.എച്ച്.റഷീദ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി വിശ്വൻ പടനിലം, പ്രവാസി സംഘം ജില്ലാസെക്രട്ടറി കെ.എൻ. മോഹൻ കുമാർ, ശക്തി തിയറ്റേഴ്സ് ജോയിന്റ് സെക്രട്ടറി നികേഷ് വലിയവളപ്പിൽ എന്നിവർ സംസാരിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള ശക്തി-ടി.കെ.രാമകൃഷ്ണൻ പുരസ്കാരം ഷാജി എൻ.കരുണും ശക്തി-എരുമേലി പുരസ്കാരം പി.പി.ബാലചന്ദ്രനും ശക്തി-തായാട്ട് അവാർഡ് എം.കെ.ഹരികുമാർ , ആർ.വി.എം.ദിവാകരൻ എന്നിവരും ഏറ്റുവാങ്ങി. വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻ.വി.മോഹനന്റെ നേതൃത്വത്തിൽ ശക്തി തിയറ്റേഴ്‌സ് പ്രവർത്തകർ സ്വരൂപിച്ച ആദ്യ ഗഡുവായ 10 ലക്ഷം രൂപ മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങി. ജനറൽ കൺവീനർ എം.ശശികുമാർ സ്വാഗതവും ട്രഷറർ പി.എൻ.ഗോവിന്ദൻ നമ്പൂതിരി നന്ദിയും പറഞ്ഞു.