ചെങ്ങന്നൂർ : എഴുപത്തിമൂന്നുകാരിയായ പൊന്നമ്മ പഠനത്തിരക്കിലാണ്. പ്ള്സ് ടു പരീക്ഷ ജയിക്കണമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് മുണ്ടൻകാവ് കൊട്ടാരത്തിൽ ദേവരാജന്റെ ഭാര്യ വി.ഡി.പൊന്നമ്മയുടെ പ്രായത്തെ മറികടന്നുള്ള പഠനം. ചെങ്ങന്നൂർ നഗരസഭയുടെ ഹരിതകർമ്മ സേനാംഗം കൂടിയാണ് പൊന്നമ്മ. ചെറുപ്രായത്തിൽ പത്താംക്ളാസ് പഠനം പൂർത്തിയാക്കാൻ കഴിയാത്ത നിരാശയിൽ നേരത്തെ പൊന്നമ്മ നഗരസഭയിലെ വികസന വിദ്യാകേന്ദ്രത്തിന്റെ ചുമതലയുള്ള ആശാ റാണിയെ സമീപിച്ചിരുന്നു.
കർഷകനായ ദേവരാജനും മക്കളായ സുധീഷ്,സുമ, സുമേഷ് എന്നിവരും ഹരിത കർമ്മ സേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും നഗരസഭാ ജീവനക്കാരും കൗൺസിലർമാരും പിന്തുണ നൽകിയതോടെ പൊന്നമ്മ പഠനം തുടങ്ങി.
എസ്.എസ്.എൽ. സി പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്കോടെയായിരുന്നു വിജയം. തുടർന്ന് ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് എടുത്ത് പ്ലസ് വൺ പഠനം ആരംഭിച്ചു. പ്ലസ് വൺ പരീക്ഷയിൽ 60 ശതമാനത്തിലേറെ മാർക്ക് ലഭിച്ചു. ഓൺലൈൻ ക്ലാസുകളിലാണ് പങ്കെടുക്കുന്നത്. പൊന്നമ്മയുടെ വടിവൊത്ത കൈയക്ഷരം അദ്ധ്യാപകരുടെ പ്രശംസ നേടിയിട്ടുണ്ട്. പൊന്നമ്മ മറ്റുള്ളവർക്ക് മാതൃകയാണെന്ന് ഹരിത കർമ്മസേനയുടെ ചുമതല വഹിക്കുന്ന സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.നിഷ പറഞ്ഞു. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ ഏരിയാ കമ്മിറ്റി അംഗവുമായ പൊന്നമ്മ നിലവിൽ സീഡ് സൊസൈറ്റി സെക്രട്ടറിയാണ് .