1
വലിയ പാലത്തിന് സമീപം സ്വകാര്യ വ്യക്തയുടെ പുരയിടത്തിൽ മാലിന്യം കുന്നുകൂടിയ നിയലിൽ.

മല്ലപ്പള്ളി : വലിയപാലത്തിന്സമീപം സ്വകാര്യ പുരയിടത്തിൽ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. വർഷങ്ങളായി കൃഷിയില്ലാതെ കിടക്കുന്ന പുരയിടത്തിൽ ഓരോ ദിവസം കഴിയുന്തോറും മാലിന്യം കുന്നുകൂടുകയാണ്. മാലിന്യങ്ങൾ നിറച്ച ചാക്കുകളും പ്ലാസ്റ്റിക്കവറുകളും കുമിഞ്ഞുകൂടിയിട്ടുണ്ട്. വീടുകളിൽനിന്നുള്ള മാലിന്യം ഇവിടെ രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി ഉപേക്ഷിക്കുന്നവരുമുണ്ട്. മഴ നനഞ്ഞും അല്ലാതെയും കവറുകൾ പൊട്ടി ചിതറിക്കിടക്കുന്നതിനാൽ ഇതിൽനിന്നു ദുർഗന്ധംവമിക്കുന്നുണ്ട്. മണിമലയാറിന്റെ തീരത്തായതിനാൽ അവിടേക്കും മാലിന്യം വ്യാപിക്കാനുള്ള സാദ്ധ്യത ഏറെയാണ്. മഴക്കാലപൂർവ ശുചീകരണം നടത്തുന്നതിന് ബന്ധപ്പെട്ടവർ തകൃതിയായി ആലോചിക്കുമ്പോഴാണ്പരിസ്ഥിതിക്കു തന്നെ ഹാനികരമാകുന്ന വിധത്തിൽ മാലിന്യംഉപേക്ഷിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മാലിന്യ സംസ്കരണത്തിന് മതിയായ സംവിധാനങ്ങൾ പഞ്ചായത്തിൽ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മാസങ്ങളായി ഉപേക്ഷിച്ചിരിക്കുന്ന പെട്ടി ഓട്ടോയിലും ചാക്കുകളിലാക്കിയ മാലിന്യം തള്ളിയിട്ടുണ്ട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

..................................

അധികൃതർ ഇടപെട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സ്വകാര്യ വാഹന ഉടമകളുടെയും ആവശ്യം.

സൗരഭ്.പി.രാധൻ

(സ്വകാര്യ വാഹന ഉടമ )