ആറൻമുള : പാർത്ഥസാരഥിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായ വള്ളസദ്യ ഉണ്ണാനെത്തിയത് പതിനായിരങ്ങൾ. മുൻവർഷത്തെ അപേക്ഷിച്ച് ഇന്നലെ ക്ഷേത്ര മതിൽക്കെട്ടിനകം രാവിലെ 10മണിയോടെ തിങ്ങി നിറഞ്ഞു. കിഴക്കേ ഗോപുര നടയിലൂടെ ഭക്തർക്ക് ഉള്ളിലേക്ക് പ്രവേശിക്കാൻ കഴിയാത്തവിധം തിരക്ക് അനുഭവപ്പെട്ടു. 11ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തിരുമുൻപിൽ നെൽപ്പറയിട്ടു. തുടർന്ന് 52 കരകളുടെ പ്രതിനിധികളും പറകളിൽ നെല്ലുനിറച്ചു. ആനക്കൊട്ടിലിലെ നിലവിളക്കിൽ സുരേഷ് ഗോപി ഭദ്രദീപം തെളിച്ചു. വഞ്ചിപ്പാട്ടിന്റെ താളത്തിൽ ഭഗവത് സ്തുതി ചൊല്ലിയപ്പോൾ മന്ത്രി വീണാജോർജ് തൂശനിലയിലേക്ക് വിഭവങ്ങൾ ഓരോന്നായി വിളമ്പി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് 52 കരക്കാർക്കായി പ്രത്യേക ഇരിപ്പിടങ്ങളും തെക്കേമുറ്റത്ത് ഭക്തജനങ്ങൾക്കായി പവലിയനിലും പ്രത്യേക ക്ഷണിതാക്കൾക്ക് വടക്കേ മാളികയിലും വഴിപാട് നടത്തിയവർക്കായി പാഞ്ചജന്യം, കൃഷ്ണവേണി, വിനായക എന്നീ സദ്യാലയങ്ങളിലുമാണ് സദ്യ നൽകിയത്. അമ്പലപ്പുഴയിൽ നിന്ന് എത്തിയ അരവിന്ദാക്ഷൻ നായരും സംഘവും ഒരുക്കിയ അമ്പലപ്പുഴ പാൽപ്പായസവും ചേനപ്പാടിയിൽ നിന്നെത്തിച്ച പാളത്തൈരും സദ്യയിൽ വിളമ്പി. ക്ഷേത്രത്തിനുള്ളിൽ സി.കെ.ഹരിശ്ചന്ദ്രൻ സോപാനവും ഒാഡിറ്റോറിയങ്ങളിൽ പാർത്ഥസാരി കേറ്ററേഴ്സ് സദാശിവൻ പിള്ള, വള്ളസദ്യ കൺവീനർ സുരേഷ് കുമാർ പുതുക്കുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവർ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ദേവസ്വം അസി.കമ്മിഷണർ രേവതി മലയാലപ്പുഴ, ഖജാൻജി രമേശ് മാലിമേൽ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ജോയിന്റ് സെക്രട്ടറി അജയ് ഗോപിനാഥ്, അജി.ആർ.നായർ, ബി.കൃഷ്ണകുമാർ, വിജയകുമാർ ചുങ്കത്തിൽ, ശശികുമാർ, കെ.ആർ.സന്തോഷ്, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻ നായർ, മുരളി ജി.പിള്ള, രഘുനാഥ്, പാർത്ഥസാരഥി എന്നിവർ നേതൃത്വം നൽകി.