പത്തനംതിട്ട: ഉണ്ണിക്കണ്ണൻ അമ്പാടിയിൽ ആടിയ ലീലകൾ പുനരാവിഷ്‌കരിച്ച് നാടെങ്ങും ശോഭായാത്രകൾ. കൺകുളിർക്കെ ആ കാഴ്ചകൾ കാണാൻ ഗ്രാമ, നഗര വീഥികളിൽ വൻജനാവലി അണിനിരന്നതോടെ ശ്രീകൃഷ്ണ ജയന്തി നാടിന് ആഘോഷമായി. അവതാരകഥകൾ പുനരാവിഷ്‌കരിച്ച നിശ്ചലദൃശ്യങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ആയിരങ്ങളെ പങ്കെടുപ്പിച്ച ശോഭായാത്രകൾ നഗര, ഗ്രാമവീഥികളിൽ വർണക്കാഴ്ചയൊരുക്കി. നാമജപ സങ്കീർത്തനങ്ങളും ഭജനയും അകമ്പടിയായി. ഗോകുല പതാകയുടെ പിന്നിൽ അണിനിരന്ന ഉണ്ണിക്കണ്ണന്മാർ, രാധാകൃഷ്ണ നൃത്തം , നിശ്ചല ദൃശ്യങ്ങൾ, പുരാണ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, പൂത്താലമേന്തിയ ബാലികമാർ, മുത്തുക്കുടകൾ എന്നിവ ശോഭeയാത്രയുടെ പകിട്ട് വർദ്ധിപ്പിച്ചു. വയനാട് ശ്രദ്ധാഞ്ജലിയും സേവാ സമർപ്പണവും നടന്നു. ജില്ലയിൽ 458ശോഭായാത്രകളും 153 മഹാശോഭായാത്രകളുമാണ് നടന്നത്.
പത്തനംതിട്ട നഗരത്തിൽ മേലെ വെട്ടിപ്പുറം, കൊടുന്തറ എന്നിവിടങ്ങളിലെ ശോഭായാത്രകൾ സംഗമിച്ച് നഗരത്തിലൂടെ കൊടുന്തയിൽ സമാപിച്ചു. കുമ്പഴയിൽ ശ്രീനാരായണപുരം, തുണ്ടുമൺകര, മൈലാടുപാറ, പരുത്യാനിക്കൽ, കുമ്പഴപാറമട എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കുമ്പഴ ശ്രീനാരായണസ്തൂപികക്ക് സമീപം സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി കുമ്പഴ ടൗൺ ചുറ്റി പത്തനംതിട്ട ഓപ്പൺ സ്റ്റേജിന് സമീപം സമാപിച്ചു.
പുത്തൻപീടിക, ഓമല്ലൂർ അമ്പലംഭാഗം, പന്ന്യാലി, ഉഴവത്ത്, പൈവള്ളിഭാഗം, ചക്കുളം, മുള്ളനിക്കാട് എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച ശോഭായാത്രകൾ സംഗമിച്ച് മഹാശോഭായാത്രയായി ഓമല്ലൂർ ക്ഷേത്രത്തിൽ സമാപിച്ചു.
ഇലന്തൂർ ഭഗവതികുന്ന്, ഭഗവതികുന്ന് മേക്ക് , പരിയാരം, പൂക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ ഇലന്തൂർ മാർക്കറ്റ് മൈതാനിയിൽ സംഗമിച്ച് മഹാശോഭായാത്രയായി ഇലന്തൂർ ഭഗവതികുന്ന് ക്ഷേത്രത്തിൽ സമാപിച്ചു.