കോന്നി: താലൂക്ക് ആശുപത്രി കെട്ടിടത്തിലെ പുതിയ നിലകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി. നേരത്തെ നിർമ്മിച്ച രണ്ടുനില കെട്ടിടത്തിന് മുകളിലാണ് പുതിയ ബ്ലോക്ക് പണിയുന്നത്. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നനുവദിച്ച 7.50 കോടി രൂപ ചെലവിൽ 3 നിലകൾ കൂടിയാണ് പണിയുന്നത് . കെട്ടിടം പണി നടക്കുന്നതിനാൽ ഒപിയും അത്യാഹിത വിഭാഗവും താഴെയുള്ള കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. പണി പൂർത്തിയാകുന്നതോടെ ഇവ പുതിയ കെട്ടിടത്തിലേക്ക് മാറും. നിലവിൽ ആശുപത്രിയിൽ 30 കിടക്കകളുള്ള കിടത്തിച്ചികിത്സാ വാർഡ് പ്രവർത്തിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിൽ 3 വാർഡുകൾ കൂടി ക്രമീകരിക്കുന്നതോടെ 50ലധികം ആളുകളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം താലൂക്ക് ആശുപത്രിയിൽ ഉണ്ടാകും. പുതിയ കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ആർദ്രം ഒ.പി ബ്ലോക്ക് എന്നിവ ക്രമീകരിക്കും. ഒന്നാംനിലയിൽ ഒപി ബ്ലോക്ക് സ്ഥാപിക്കുന്നതിനൊപ്പം താഴത്തെ നിലയിലേക്ക് അത്യാഹിത വിഭാഗം മാറ്റി ക്രമീകരിക്കും. രണ്ടാംനിലയിൽ ഗൈനക്കോളജി വാർഡ് സജ്ജമാക്കും. മേജർ, മൈനർ ഓപ്പറേഷൻ തിയറ്ററുകൾ, ലേബർ വാർഡ്, ലേബർ റൂം തുടങ്ങിയവയും ഉണ്ടാകും. മൂന്നാം നിലയിൽ നേത്ര രോഗികൾക്കായി ഐ ഓപ്പറേഷൻ തിയറ്ററും വാർഡും ക്രമീകരിക്കും. നാലാംനിലയിൽ പുരുഷന്മാർക്കുള്ള വാർഡും ഡോക്ടർമാരുടെ മുറികളും . എല്ലാ നിലയിലും നഴ്സിങ് സ്റ്റേഷനുകൾ പ്രവർത്തിക്കും.
-----------------------
"താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലാണ് . ഇതുമായി ബന്ധപ്പെട്ട യോഗം സെപ്തംബർ 4 ന് താലൂക്ക് ആശുപത്രിയിൽ ചേരും. "
കെ.യു.ജനീഷ് കുമാർ എം.എൽ.എ.
;;;;;;;;;;;;;;;;;;;;;;;;;;
താലൂക്ക് ആശുപത്രിയിൽ നിലവിലുള്ള കെട്ടിടങ്ങളിലെ സ്ഥലപരിമിതി ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണം
എം.വി.അമ്പിളി (കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
--------------------
7.50 കോടി രൂപ ചെലവിൽ നിർമ്മാണം