aranmula

നാടിന്റെ ഒരുമയും ശക്തിയും പ്രകടമാക്കുന്ന ആറൻമുള ഉത്രട്ടാതി വള്ളംകളി ആചാരപരമായും അനുഷ്ഠാനപരമായും ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. പാർത്ഥസാരഥിയുടെ വടക്കേനടയിൽ നിന്ന് പമ്പയാറിന്റെ ഓളങ്ങളെ വകഞ്ഞ് ആടയാഭരണങ്ങളണിഞ്ഞ പള്ളിയോടങ്ങൾ തുഴഞ്ഞു വരുന്ന മനോഹര കാഴ്ച ചരിത്രപ്രസിദ്ധമാണ്. ഭക്തിയുടെ നിറവിൽ ആചാരത്തനിമയോടെ ഭഗവത്പ്രീതിക്കായി വിശ്വാസപൂർവം നടത്തുന്ന വഴിപാടാണ് വള്ളസദ്യ. പള്ളിയോടങ്ങളിൽ വഞ്ചിപ്പാട്ട് പാടിയെത്തി സദ്യയ്ക്കിരിക്കുമ്പോൾ വിളമ്പാത്ത വിഭവങ്ങൾ താളത്തിൽ പാടിച്ചോദിക്കുന്ന സമ്പ്രദായം അപൂർവ കാഴ്ചയുമാണ്. ആറൻമുളയെന്ന പൈതൃക ഗ്രാമം ലോകത്തിന് നൽകിയ മഹത്തായ സംഭാവന ഈ വ്യത്യസ്തമായ സാംസ്കാരികതയാണ്. പതിറ്റാണ്ടുകളായി പിന്തുടരുന്ന ഈ തനിമകൊണ്ട് ആറൻമുളയെന്ന ദേശത്തെയും നാട്ടുകാരെയും മറുനാട്ടുകാർ ഇഷ്ടപ്പെടുന്നു. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിവിധ സംഘടനകളും ആറൻമുള വള്ളംകളിയെയും വള്ളസദ്യയെയും വലിയ പ്രാധാന്യത്തോടെയാണ് കണ്ടുവരുന്നത്. ലോകപ്രശസ്തമായ വള്ളംകളിക്ക് സർക്കാരും ദേവസ്വം ബോർഡും സഹായ സഹകരണങ്ങൾ നൽകിവരുന്നു. പമ്പയാറിൽ നടക്കുന്ന വള്ളംകളി കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകളെത്താറുണ്ട്. പള്ളിയോടങ്ങളുടെ അമരച്ചന്തവും വർണപ്പകിട്ടും മുത്തുക്കുടകളും പൂമാലകളും കൊണ്ടുള്ള അലങ്കാരങ്ങളും കാണേണ്ട കാഴ്ചയാണ്. വിവിധ കരകളിൽ നിന്ന് അൻപതിലേറെ പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുന്നത്.

എല്ലാവർഷവും പള്ളിയോടങ്ങൾക്കും അതിൽ കയറുന്ന തുഴച്ചിലുകാർക്കും സുരക്ഷ നൽകാൻ പൊലീസും അഗ്നിരക്ഷാസേനയും സജീവമായി രംഗത്തിറങ്ങാറുണ്ട്. പക്ഷെ, നിർഭാഗ്യകരമായ അപകടങ്ങൾ അടുത്തിടെയായി നടക്കുന്നത് ആശങ്ക ഉയർത്തുന്നു. വള്ളംകളിയിൽ പങ്കെടുക്കാനായി പുറപ്പെട്ട ചെന്നിത്തല പള്ളിയോടം മറിഞ്ഞ് മൂന്ന് യുവാക്കൾ പമ്പയുടെ ആഴങ്ങളിൽ മുങ്ങിമരിച്ച സംഭവത്തിന്റെ വേദന ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം അഷ്ടമിരോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ കുറിയന്നൂർ കരയിൽ നിന്ന് എത്തിയ പള്ളിയോടത്തിൽ നിന്ന് വീണ് രണ്ടാം അടനയമ്പുകാരൻ കുറിയന്നൂർ സ്വദേശി തോമസ് ജോസഫ് മുങ്ങിമരിച്ചത്. ആറൻമുള ക്ഷേത്രക്കടവിൽ എത്തുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹം വെള്ളത്തിൽ വീണത്. കുറിയന്നൂർ മാർത്തോമ ഹൈസ്കൂൾ അദ്ധ്യാപകനും മാർത്തോമ പള്ളി മുൻ ഭാരവാഹിയുമായ തോമസ് ജോസഫ് എല്ലാ വർഷവും ഉത്രട്ടാതി വള്ളംകളിക്ക് ഉൾപ്പെടെ പള്ളിയോടത്തിൽ എത്താറുണ്ടായിരുന്നു. നീന്തൽ നല്ലപോലെ വശമുള്ള തോമസ് പൊങ്ങിവരുമെന്നായിരുന്നു പള്ളിയോടത്തിലുണ്ടായിരുന്ന മറ്റു തുഴച്ചിലുകാരുടെ പ്രതീക്ഷ. കാണാതെ വന്നതോടെ തോമസിനെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയ ഒരു തുഴച്ചിലുകാരൻ ഒഴുക്കിൽ പെട്ടു. സ്പീഡ് ബോട്ടിലെത്തിയ രക്ഷാപ്രവർത്തകരാണ് ഇയാളെ കരയ്ക്കെത്തിച്ചത്. തോമസ് ജോസഫ് കുറിയന്നൂരുകാർക്ക് പ്രിയപ്പെട്ട സണ്ണിസാറാണ്. കുറിയന്നൂർ കരയുടെ എല്ലാ ആഘോഷങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിലെ അദ്ധ്യാപകനായി വിരമിക്കാനിരിക്കെയാണ് ദാരുണാന്ത്യം. പഠിപ്പിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും കുടുംബ പശ്ചാത്തലമടക്കം അറിയാവുന്ന അദ്ധ്യാപകനായിരുന്നു അദ്ദേഹം. വർഷങ്ങളായി അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് കുറിയന്നൂർ പള്ളിയോടത്തിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച അദ്ദേഹം ചെറുപ്പം മുതലേ പള്ളിയോടത്തിനൊപ്പമുണ്ടായിരുന്നു.

ദുരന്തപാഠം

പള്ളിയോടങ്ങൾക്കും തുഴച്ചിലുകാർക്കും പതിവിലും കൂടുതൽ സുരക്ഷയൊരുക്കണമെന്ന് ആവശ്യമുയർത്തുന്നതാണ് തോമസ് ജോസഫിന്റെ വേർപാട് ഉണ്ടാക്കിയ അപകടം. കഴിഞ്ഞ വർഷം കാര്യമായ അപകടങ്ങളില്ലാതെയാണ് വള്ളംകളി നടന്നത്. ഒരു പള്ളിയോടത്തിൽ കുറഞ്ഞത് നൂറ് പേരുണ്ടാകും. നീന്തൽ നല്ലപോലെ വശമുള്ളവരെ വേണം പള്ളിയോടങ്ങളിൽ കയറ്റാനെന്ന് സുരക്ഷാ മാനദണ്ഡങ്ങളിൽ പറയുന്നു. നീന്തലിൽ മിടുക്കരായവർക്കു പോലും ചിലപ്പോൾ മുങ്ങിത്താഴ്ന്ന് ജീവഹാനി സംഭവിച്ചിട്ടുണ്ട്. പള്ളിയോടങ്ങൾ മറിഞ്ഞാലും പള്ളിയോടങ്ങളിൽ നിന്ന് ആളുകൾ വെള്ളത്തിൽ വീണാലും പമ്പയുടെ അടിയൊഴുക്കിൽ പെട്ടേക്കാം. പമ്പയാറ്റിൽ പ്രളയ ശേഷം രൂപം കൊണ്ട ചുഴികൾ എവിടെയൊക്കെയെന്ന് തിട്ടമില്ല. വലിയ തോതിൽ ചെളി അടിഞ്ഞ ഭാഗങ്ങളുമുണ്ട്. ശക്തമായ കുത്തൊഴുക്കിൽ നീന്തൽ വശമുള്ളവർ പോലും നിയന്ത്രണം തെറ്റി അപകടങ്ങളിൽ പെടാറുണ്ട്.

ആറൻമുള ഉതൃട്ടാതി ജലമേള ഇത്തവണ സെപ്തംബർ പത്തൊൻപതിനാണ്. പള്ളിയൊടങ്ങൾ തുഴയുന്ന പമ്പയാറ്റിൽ അടിയൊഴുക്കു ശക്തമാണ്. തുഴച്ചിലുകാർ വെള്ളത്തിൽ വീണാൽ അപകട സാദ്ധ്യതയേറെയാണ്. നദിയുടെ അടിത്തട്ടിൽ ചില ഭാഗങ്ങളിൽ ചെളി നിറഞ്ഞിട്ടുണ്ട്. പലയിടത്തും പലതാണ് നദിയുടെ സ്വഭാവം. വെള്ളത്തിനടിയിൽ മൺപുറ്റുകൾ ഏറെയുണ്ട്. തുഴഞ്ഞു വരുന്ന പള്ളിയോടങ്ങൾക്ക് അപകടം സംഭവിക്കാൻ ഇതൊക്കെ മതി. എല്ലാവർഷവും ആറൻമുള വള്ളംകളിക്ക് മുൻപ് നദയിലെ മൺപുറ്റ് നീക്കം ചെയ്യുന്ന ജോലി നടക്കാറുണ്ട്. പള്ളിയോട സേവാസംഘവും വിവിധ സംഘടനകളും തുടർച്ചയായി ആവശ്യങ്ങളുന്നയിക്കുമ്പോഴാണ് ജലസേചന വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. പ്രഹസനമെന്നോണം മൺപുറ്റ് നിക്കം ചെയ്യൽ നടക്കും.

സുരക്ഷ ശക്തമാക്കണം

ആറൻമുള വള്ളംകളിക്ക് മുന്നോട‌ിയായി എല്ലാവർഷവും അവലോകന യോഗങ്ങൾ നടക്കാറുണ്ട്. പള്ളിയോടങ്ങൾക്കും തുഴച്ചിലുകാർക്കുമുള്ള സുരക്ഷയാണ് മുൻവർഷങ്ങളിൽ പ്രധാന ചർച്ചയായത്. തുഴച്ചിലും നീന്തലും അറിയാത്തവരെ പള്ളിയോടങ്ങളിൽ കയറ്റരുതെന്ന് കർശന നിർദ്ദേശവും നൽകാറുണ്ട്. ഇതുകൂടാതെ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുകയും ചെയ്തിരുന്നു. കരക്കാർ അറിയാത്ത ആരും പള്ളിയോടങ്ങളിൽ കയറരുതെന്ന നിബന്ധന നിർബന്ധമാക്കിയിരുന്നു. അതുകൊണ്ട് കഴിഞ്ഞ വർഷം വലിയ അപകടങ്ങളും ജീവഹാനിയും ഇല്ലാതെ കടന്നുപോയി.

നീന്തൽ അറിയാവുന്നവരും അപകടത്തിൽപ്പെടുന്നതുകൊണ്ട് ഇത്തവണ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. പള്ളിയോടങ്ങൾ തുഴച്ചിൽ തുടങ്ങുമ്പോൾ മുതൽ അവസാനം വരെ അഗ്നിരക്ഷാ സേനയുടെ മുങ്ങൽ വിദഗ്ദ്ധർ പമ്പയാറിൽ നിരീക്ഷണം നടത്തണം. ഓരോ നൂറ് മീറ്ററിലും മുങ്ങൽ വിദഗ്ദ്ധരുടെ സാന്നിദ്ധ്യമുണ്ടാകേണ്ടതുണ്ട്. സ്പീഡ് ബോട്ടുകളും സ്കൂബാ ടീമും ഏത് അടിയന്തര സാഹചര്യം നേരിടാനും നിലയുറപ്പിക്കേണ്ടതുണ്ട്. വരും വർഷങ്ങളിലും ഇത്തരം നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശക്തമായ മുൻകരുതൽ നടപടികളുണ്ടായില്ലെങ്കിൽ വലിയ ദുരന്തങ്ങളുണ്ടാകുന്ന കാലത്തിനും സാക്ഷിയാകേണ്ടിവരും.