റാന്നി : കാരറ്റ് എടുത്തത് ചോദ്യംചെയ്ത ജീവനക്കാരിയെ ആക്രമിച്ചവരെ തടയാൻ ശ്രമിക്കുന്നതിനിടെ പച്ചക്കറിക്കടയുടമ വെട്ടേറ്റു മരിച്ചു. റാന്നി ചേത്തയ്ക്കൽ പുത്തൻപുരയിൽ അനിൽകുമാർ (55) ആണ് കൊല്ലപ്പെട്ടത്. ജീവനക്കാരി തമിഴ്നാട് സ്വദേശി മഹാലക്ഷ്മിയെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി അങ്ങാടി കരിംങ്കുറ്റി പുറത്തേപറമ്പിൽ കാലായിൽ പ്രദീപ് കുമാർ (ഇടത്തൻ - 42), അയൽവാസി കടമാൻകുളത്ത് രവീന്ദ്രൻ (40) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച രാത്രി പതിനൊന്നിന് റാന്നി അങ്ങാടി പേട്ട എസ്.ബി.ഐക്കു സമീപമുള്ള പച്ചക്കറിക്കടയിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രദീപും രവീന്ദ്രനും പച്ചക്കറിക്കടയിലെത്തി കാരറ്റ് എടുത്തു കഴിച്ചു. രണ്ടുതവണ എടുത്തപ്പോൾ മഹാലക്ഷ്മി തടഞ്ഞു. കാരറ്റിന് വലിയ വിലയാണെന്നും വേണമെങ്കിൽ വാങ്ങി കഴിക്കാനും പറഞ്ഞു. തുടർന്ന് പ്രതികൾ കാൽക്കിലോ കാരറ്റ് വാങ്ങി. എന്നാൽ, പണം നൽകിയില്ല. മഹാലക്ഷ്മിയും കടയിലെ ബംഗാളി ജീവനക്കാരനും പണം ആവശ്യപ്പെട്ടതോടെ തർക്കമായി. ജീവനക്കാരെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്‌ത പ്രദീപും രവീന്ദ്രനും പണം നൽകാതെ മടങ്ങി. പിന്നീട് മണിക്കൂറുകൾക്കു ശേഷം വടിവാളുമായി മടങ്ങിയെത്തി ഭീഷണി മുഴക്കി. ആദ്യം മഹാലക്ഷ്മിയെയാണ് ആക്രമിച്ചത്. അവരുടെ വലതുകൈയിൽ വെട്ടേറ്റു. ഇതുകണ്ട് തടസം പിടിക്കാൻ എത്തിയ അനിലിനെ ഇരുവരും ചേർന്ന് റോഡിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റ അനിൽ തത്ക്ഷണം മരിച്ചു. പ്രതികളെ രാത്രിയിൽ തന്നെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. അനിൽകുമാറിന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ. ഭാര്യ : പുഷ്പ, മക്കൾ : അരുൺ, അഞ്ജലി.