പ്രമാടം : കോന്നി - ചന്ദനപ്പള്ളി റോഡിലെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശം സ്ഥിരം അപകട മേഖലയാകുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ മുപ്പതോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. ടിപ്പർ ലോറികൾ പായുന്ന ഇവിടെ വേഗത നിയന്ത്രണത്തിന് യാതൊരു വിധ സംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളുമില്ല. കഴിഞ്ഞ ദിവസം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചും ടിപ്പർ ലോറികൾ കൂട്ടിയിടിച്ചും അപകടമുണ്ടായി. കോന്നിയിൽ നിന്ന് ജില്ലാ ആസ്ഥാനത്തേക്കുള്ള എളുപ്പവഴിയായ ഈ റൂട്ടിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊടുമൺ, അടൂർ, പന്തളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. ശാസ്ത്രീയ പഠന നടത്തി പ്രദേശത്തെ അപകട രഹിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കാരണങ്ങൾ പലത്
മണ്ണിട്ട് ഉയർത്തി ടാർ ചെയ്ത റോഡ് ഇരുത്തിയതും വീതിക്കുറവും കാടുകയറി കിടക്കുന്ന ഇരുവശങ്ങളിലെയും മൂടിയില്ലാത്ത ഓടകളുമാണ് അപകടങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം. അമിത വേഗവും മത്സര ഓട്ടവും അപകടത്തിന് വഴിയൊരുക്കുന്നു.
ജീവനെടുത്ത് ടിപ്പർ ലോറികൾ
അതിവേഗം പായുന്ന ടിപ്പർ ലോറികൾ വലിയ സുരക്ഷാപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ യാത്ര പാടില്ല, ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ മുകൾവശം പടുത ഉപയോഗിച്ച് മൂടണം തുടങ്ങിയ നിർദ്ദേശമുണ്ടെങ്കിലും ഈ റൂട്ടിൽ ഇതൊന്നും പാലിക്കുന്നില്ല.
ലോറികളിൽ നിന്ന് പറക്കുന്ന പാറപ്പൊടി പിന്നാലെ
എത്തുന്ന വാഹന യാത്രക്കാർക്ക് ഭീഷണിയാണ്.
പാറ കയറ്റിയ വാഹനങ്ങളും ഇത്തരത്തിൽ പായുന്നുണ്ട്.
ആറ് മാസത്തിനിടെ 30 അപകടങ്ങൾ, സുരക്ഷിത യാത്ര ഉറപ്പാക്കുന്നില്ല, റോഡിന് ഇരുവശങ്ങളിലും കാടുകൾ, ഓടകകൾക്ക് മൂടിയില്ല, വേഗ നിയന്ത്രണ സംവിധാനമില്ല.