kseb

പത്തനംതിട്ട : കരാർ കാലാവധി കഴിയുന്ന മണിയാർ ജലവൈദ്യുത പദ്ധതി കെ.എസ്.ഇ.ബി ഏറ്റെടുക്കണമെന്ന് കെ.എസ്.ഇ.ബി​ പെൻഷനേഴ്‌സ് കൂട്ടായ്മ ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതിയുടെ ദീർഘകാല കരാറുകൾ ഭവിഷ്യത്തുകൾ കണക്കിലെടുക്കാതെ റദ്ദു ചെയ്തതും ഊർജോത്പാദന രംഗത്തെ അലംഭാവവുമാണ് കെ.എസ്.ഇ.ബി ഇന്ന് അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും വൈദ്യുതി ചാർജ് വർദ്ധനയ്ക്കും കാരണം. പ്രതിവർഷം 20 കോടി രൂപയുടെ ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന നിലയം കരാർ കാലാവധി കഴിഞ്ഞിട്ടും സ്വകാര്യ കമ്പനിക്ക് കൊള്ളലാഭത്തി​നായി​ നൽകുന്നത് കെ.എസ്.ഇ.ബിയോടും ഉപഭോക്താക്കളോടും കാട്ടുന്ന അനീതിയാണെന്ന് പെൻഷൻകാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മറ്റു പദ്ധതികളെയും ബാധിക്കും
മണിയാർ പദ്ധതിയെ സംബന്ധിച്ച് സർക്കാർ എടുക്കുന്ന തീരുമാനം ഇതര ജലവൈദ്യുത പദ്ധതികളെയും ബാധിക്കും. സ്വകാര്യ കമ്പനി ഇടുക്കി കുത്തുങ്കലിൽ സ്ഥാപിച്ച 21 മെഗാവാട്ട് നിലയത്തി​ന്റെ കരാർ കാലാവധി​ അടുത്ത വർഷത്തോടെ തീരും. ഇ ഡി സി എൽ പവർ പ്രോജക്ട് ലിമിറ്റഡ് സീതത്തോട് അള്ളുങ്കലിൽ ഏഴ് മെഗാവാട്ടിന്റെയും കാരിക്കയത്ത് അഞ്ച് മെഗാവാട്ടിന്റെയും പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഇരുട്ടുകാനത്ത് വിയാറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് പദ്ധതിയും നിലവിലുണ്ട്.
മണിയാർ പദ്ധതി കാർബോറാണ്ടം കമ്പനിക്കു വിട്ടുകൊടുക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിക്കുന്നതെങ്കിൽ വരുംവർഷങ്ങളിൽ മറ്റു പദ്ധതികളും സ്വകാര്യ മേഖലയ്ക്കു തന്നെ നൽകേണ്ടിവരും.

വൈദ്യുതി ഭവൻ മാർച്ച് നടത്തി

മണിയാർ ജലവൈദ്യുതപദ്ധതി​യുടെ കരാർ സ്വകാര്യ കമ്പനിക്ക് നീട്ടി നൽകാനുള്ള നീക്കത്തിനെതിരെ കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ വൈദ്യുതി ഭവൻ മാർച്ച് നടത്തി. ജാഗ്രതാസദസ് ടെക്‌നിക്കൽ സെൽ കൺവീനർ മുഹമ്മദാലി റാവുത്തർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയിംസ് എം.ഡേവിസ് അദ്ധ്യക്ഷതവഹിച്ചു. മാസ്റ്റർ ട്രസ്റ്റ് കൺവീനർ വി.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ.വി.വിമൽചന്ദ് പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജി.ഷേർളി, കെ.മോഹൻകുമാർ, ആർ.ശ്രീദേവി, പ്രദീപ് കുമാർ, ആർ.അനിൽ കുമാർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പൊടിമോൻ തുടങ്ങിയവർ സംസാരിച്ചു.