പത്തനംതിട്ട : ഭൂമി തരംമാറ്റം വേഗത്തിൽ തീർപ്പാക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയെങ്കിലും ജില്ലയിൽ മൂവായിരത്തിലേറെ അപേക്ഷകളിൽ നടപടികൾ വൈകുന്നു. ആർ.ഡി.ഒമാരുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ അപേക്ഷകൾ തീർപ്പാക്കൽ ദ്രുതഗതിയിൽ നടക്കുകയാണെന്ന് റവന്യു അധികൃതർ അവകാശപ്പെടുമ്പോൾ നടപടികൾക്ക് വേഗതയില്ലെന്നാണ് അപേക്ഷകർ പരാതിപ്പെടുന്നത്. വിവിധ ജില്ലകളിൽ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ആക്ഷേപങ്ങളുണ്ട്. ജില്ലയിൽ രണ്ടുമാസം മുൻപ് വരെ നാലായിരത്തോളം അപേക്ഷകൾ തീർപ്പാക്കാനുണ്ടായിരുന്നു.
നെൽകൃഷി ചെയ്യുന്നതെന്ന് ഡേറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തിയ ഭൂമിയാണ് തരംമാറ്റി കൊടുക്കുന്നത്. നേരത്തേ പ്രാദേശിക നിരീക്ഷണസമിതിയുടെ മേൽനോട്ടത്തിലാണ് തരംമാറ്റത്തിന് അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഇതിൽ പരാതികളുയരുകയും നടപടികൾക്ക് വേഗതയില്ലായ്മയും കാരണം ആർ.ഡി.ഒ, തഹസിൽദാർ തലങ്ങളിൽ അപേക്ഷകൾ പരിഗണിക്കാൻ സർക്കാർ നിർദേശം നൽകുകയായിരുന്നു.
2008ന് മുൻപ് നെൽകൃഷി നിറുത്തി പാടം തരിശിടുകയോ മറ്റ് ആവശ്യങ്ങൾക്ക് പരിവർത്തനം ചെയ്തതോ ആയ ഭൂമി ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ നിന്ന് തരം മാറ്റാൻ ഫോം അഞ്ചിൽ അപേക്ഷ നൽകണം. നടപടികൾ ഒാൺലൈനിലാക്കിയതോടെ വേഗത്തിൽ തീർപ്പാക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഒാൺലൈൻ സംവിധാനം വന്നിട്ടും തരംമാറ്റ പ്രക്രിയ വൈകുന്നുവെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ആർ.ഡി.ഒമാരും തഹസിൽദാർമാരും തരംമാറ്റ നടപടികളിൽ ശ്രദ്ധിച്ചിരുന്നില്ല. അപേക്ഷകൾ കുന്നുകൂടാൻ ഇതു കാരണമായി. നിലവിൽ കാലതാമസമില്ലെന്ന് റവന്യു അധികൃതർ പറയുന്നു.
കെട്ടിക്കിടക്കുന്ന അപേക്ഷകൾ : 3049,
അടൂർ, തിരുവല്ല ആർ.ഡി.ഒ : 1989,
കോഴഞ്ചേരി താലൂക്ക് : 600
മല്ലപ്പള്ളി : 182
കോന്നി : 159
റാന്നി : 119
തരംമാറ്റം പ്രക്രിയ ഉൗർജിതമായി നടക്കുന്നു. തീർപ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം വലിയതോതിൽ കുറഞ്ഞു.
റവന്യു അധികൃതർ