chittayam-gopa-kumar

പന്തളം: ശബരിമല മണ്ഡലമകരവിളക്ക് തീർത്ഥാടനം സുഗമമാക്കുന്നതിന് സർക്കാർ തലത്തിൽ വിപുലസംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പന്തളം ഇടത്താവളവികസനം, വലിയകോയിക്കൽ ക്ഷേത്രത്തിൽനടത്തേണ്ട പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിന് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലേയും ഇടത്താവളത്തിലേയും തയാറെടുപ്പുകൾ നേരത്തെ തുടങ്ങും. മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുന്ന തീർത്ഥാടനകാലത്തിനായുള്ള പ്രവൃത്തികൾ നേരത്തെ ആരംഭിക്കുന്നതിലൂടെ സമയബന്ധിതമായി പൂർത്തിയാക്കാനുമാകും. പൊലീസ് പ്രത്യേക ശ്രദ്ധപതിപ്പിക്കും. തീർത്ഥാടകർക്ക് പന്തളം ഇടത്താവളത്തിൽ താമസിക്കുന്നതിന് ക്രമീകരണങ്ങൾ ഉറപ്പാക്കും. വാഹന പാർക്കിംഗ് സുഗമമാക്കുന്നതിനും നടപടിസ്വീകരിക്കും. ടോയ്ലെറ്റ് സംവിധാനം വൃത്തിയായും പ്രകൃതിസൗഹൃദമായും നിർമ്മിക്കും. അച്ചൻകോവിലാറിന്റെ തീരത്ത് വേലികെട്ടി അപകടസ്ഥലങ്ങളിൽ ഇറങ്ങുന്നതിനെതിരെ സുരക്ഷ ഒരുക്കും. അലോപതി ആയുർവേദഹോമിയോ വകുപ്പുകളുടെ സേവനം ഉണ്ടാകും. ഭക്ഷ്യസുരക്ഷാ വകുപ്പ്, ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തും. വിവിധ ഭാഷകളിലുള്ള സൈൻ ബോർഡുകൾ സ്ഥാപിക്കും. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഉദ്യോഗസ്ഥരുടെ യോഗം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്നശേഷം സെപ്റ്റംബർ 27ന് പന്തളത്ത് വീണ്ടും ഡെപ്യൂട്ടി സ്പീക്കറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്നും ചിറ്റയം വ്യക്തമാക്കി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, കെ.സുന്ദരേശൻ, പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ എൻ.ശ്രീധര ശർമ, എസ്. വിജയമോഹൻ, ബി.രാധാകൃഷ്ണൻ, എസ്.സുനിൽ കുമാർ, കൊട്ടാരം നിർവാഹകസമിതി അംഗങ്ങൾ, ക്ഷേത്ര ഉപദേശകസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.