മാവേലിക്കര : ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഉപദേശക സമിതി രൂപീകരിക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത് സാമൂഹ്യനീതിയിലേക്കുള്ള ചരിത്രപരമായ കാൽവയ്പാണെന്ന് എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഭിപ്രായപ്പെട്ടു. നിരവധി വർഷങ്ങളായി യൂണിയൻ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഈ വിജയം. ഉപദേശക സമിതി രൂപീകരിക്കാൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്നപ്പോഴാണ് യൂണിയൻ അഡ്.കമ്മിറ്റി സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന് ഗോപൻ ആഞ്ഞിലിപ്ര, ഹരിദാസൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് അനുകൂല വിധി സമ്പാദിച്ചത്. ദേവസ്വം ബോർഡിലെ ചില ഉന്നത ഉദ്യോഗസ്ഥർ വിധിയെ അട്ടിമറിക്കാൻ നടത്തിയ ശ്രമത്തെ ചെറുത്ത് പരാജയപ്പെടുത്തുകയായിരുന്നു. ഈ പോരാട്ടത്തിന് പിന്തുണ നൽകിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ദേവസ്വം ബോർഡ് ഭാരവാഹികൾ. രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവരോട് യൂണിയൻ അഡ്.കമ്മിറ്റി നന്ദി അറിയിച്ചു. കൺവീനർ ഡോ.ഏ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, അംഗങ്ങളായ വിനു ധർമ്മരാജൻ,സുരേഷ് പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.