പത്തനംതിട്ട : റാന്നിയിൽ തലയ്ക്ക് വെട്ടേറ്റു മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിമോർച്ചറിയിൽ ഡ്യൂട്ടിക്ക് നിന്ന പൊലീസുദ്യോഗസ്ഥനെ മർദ്ദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഓ ടി. ലിജുവിനാണ് മർദ്ദനമേറ്റത്. റാന്നി മുണ്ടപ്പുഴ സ്വദേശികളായ പുതുശ്ശേരിൽ വിഷ്ണു (29), കരുണാലയം വീട്ടിൽ കെ.എസ്.ശ്രീജിത്ത്(35), കീക്കാവിൽ അർജുൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലിജു ഡ്യൂട്ടി നോക്കിവരവേ രാത്രി തിങ്കളാഴ്ച രാത്രി 11.30 ഓടെ പിക്കപ്പ് വാനിൽ പൊലീസിനെ ചീത്ത വിളിച്ചുകൊണ്ട് എത്തിയ പ്രതികൾ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇവർ മരിച്ചയാളുടെ ബന്ധുക്കൾ ആവുമെന്ന് കരുതിയ ലിജു, മൃതദേഹം കാണിക്കാമെന്ന് പറഞ്ഞു. തുടർന്ന് മൃതദേഹം കണ്ട ശേഷം, പൊലീസ് പ്രതിയെ പിടിക്കാത്തത് എന്താടാ എന്നാക്രോശിച്ചുകൊണ്ട് അസഭ്യം വിളിച്ചശേഷം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
വിവരമറിഞ്ഞു സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി പ്രതികളെ ബാലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.