പത്തനംതിട്ട : അദ്ധ്യാപികയുടെ മാല മോഷ്ടിച്ച് ബൈക്കി​ൽ കടന്നുകളഞ്ഞ യുവാക്കളെ ആറ് കിലോമീറ്റർ പിന്തുടർന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർ പി​ടി​കൂടി​. റാന്നി ഡിപ്പോയിലെ ഡ്രൈവർ ഉതിമൂട് സ്വദേശി പി.ഡി.സന്തോഷ് കുമാർ ആണ് സാഹസി​കമായി​ മോഷ്ടാവി​നെ കീഴടക്കി​യത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് വാളകം - പനവേലി റൂട്ടിലാണ് സംഭവം. കൊട്ടാരക്കര അയത്തിൽ വീട്ടിൽ സൂസമ്മയുടെ രണ്ടുപവൻ സ്വർണ മാലയാണ് മോഷ്ടാക്കൾ ബൈക്കിലെത്തി കവർന്നത്. ഭാര്യയെ എയർപോർട്ടിലാക്കി കാറിൽ റാന്നിയിലേക്ക് മടങ്ങി വരികയായിരുന്നു സന്തോഷ്. തിരുവനന്തപുരത്ത് നിന്ന് വാളകം - പനവേലിൽ റൂട്ടിൽ വന്നപ്പോഴാണ് മാല പൊട്ടി​ച്ച് കടന്നു കളയുന്ന ബൈക്ക് യാത്രക്കാരെ കണ്ടത്. അദ്ധ്യാപികയായ സൂസമ്മയുടെ കരച്ചിൽ കണ്ട് ബൈക്ക് യാത്രക്കാരുടെ പിന്നാലെ പോവുകയായിരുന്നു. അതിവേഗതയിൽ ചീറിപാഞ്ഞ ബൈക്ക് ഉമ്മന്നൂർ ഭാഗത്തേക്കാണ് പോയത്. മോഷ്ടാക്കളെ പിന്തുടർന്ന് ബൈക്കിന് മുമ്പിൽ കാർ നിറുത്തിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ബൈക്ക് ഓടിച്ചയാൾ ഒാടി​ രക്ഷപ്പെട്ടു. പിറകിലിരുന്ന മോഷ്ടാവിന്റെ കൈ റോഡിൽ ഉരഞ്ഞിരുന്നതിനാൽ അയാൾക്ക് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. സന്തോഷ് ഓ‌ടിച്ചെന്ന് പിടിച്ചതോടെ ഹെൽമെറ്റ് കൊണ്ട് കയ്യിലടിച്ചു. അപ്പോഴേക്കും നാട്ടുകാർ ഓടിക്കൂടി. മാല നൽകാൻ ആവശ്യപ്പെട്ടിട്ട് ആദ്യം മോഷ്ടാവ് സമ്മതിച്ചില്ലെന്ന് സന്തോഷ് പറഞ്ഞു . അടുത്തുള്ള മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞു പോകാൻ തുടങ്ങിയ മോഷ്ടാവിനെ നാട്ടുകാർ തടഞ്ഞു. പൊലീസെത്തി അറസ്റ്റുചെയ്തു.