മല്ലപ്പള്ളി: കാർഷിക ഉൽപ്പന്നങ്ങൾ കർഷകർക്ക് ന്യായവില നൽകുന്നതിനും വിപണനം ചെയ്യുന്നതിനും തുടങ്ങിയ ഹരിത ഇക്കോ ഷോപ്പ് മാലിന്യ സംസ്കരണ കേന്ദ്രമായി മാറി. മല്ലപ്പള്ളി ശ്രീകൃഷ്ണ വിലാസം പൊതുമാർക്കറ്റിന് സമീപം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹരിത ഇക്കോ ഷോപ്പിനാണ് ഈ ദുരവസ്ഥ. ഒരു വർഷം മാത്രമാണ് വിപണനം നടന്നിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടേക്കു സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ എത്താത്തതാണ് അടച്ചു പൂട്ടാൻ കാരണം. ഓണത്തിനും മറ്റ് വിശേഷാൽ ദിവസങ്ങളിലും മാത്രമാണ് വിപണനത്തിനായി തുറന്നിരുന്നത്. പിന്നീട് വിശേഷ ദിവസങ്ങളിൽ കുടുംബശ്രീ പ്രവർത്തകർ വിപണനം നടത്തിയിരുന്നു. ഇപ്പോൾ മാസങ്ങളായി ഹരിത കർമ്മസേനയുടെ മാലിന്യ തരംതിരിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്നെങ്കിലും കെട്ടിടവും പരിസരവും കാടുമൂടപ്പെട്ട നിലയിലാണ്. മേൽക്കൂരയിലേക്കുവരെ വള്ളിപ്പടർപ്പുകൾ വ്യാപിച്ചു. ഹരിത കർമ്മസേനയുടെ പ്രവർത്തനം ആരംഭിച്ചിട്ടും കാടുവെട്ടി മാറ്റുവാൻ അധികൃതർ തയാറാകാത്തതിനാൽ കെട്ടിടം കാണാൻ കഴിയാത്ത സ്ഥിതിയിലെത്തി. എല്ലാവർക്കും സൗകര്യ പ്രദമായ സ്ഥലത്ത് പുതിയതായി ഇക്കോ ഷോപ്പ് തുടങ്ങുന്നതിനുള്ള കൃഷിഭവന്റെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും നിലവിലെ കെട്ടിടം പരിപാലിക്കുന്നതിന് അധികൃതരുടെ നിലപാട് ജനങ്ങൾക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്.
...................................................................
കാട് നീക്കം ചെയ്ത് കെട്ടിട്ടം സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം
(പ്രദേശവാസികൾ)
.................................
വിപണനം നടന്നിട്ട് 1 വർഷം മാത്രം