മലയാലപ്പുഴ : ആസൂത്രിതമായ സാമ്പത്തികകൊള്ളയിലൂടെ സി.പി.എം നേതാക്കൾ സഹകരണ ബാങ്കുകളുടെ അന്തകരായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മലയാലപ്പുഴ സഹകരണ ബാങ്കിലെ തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഉൾപ്പെടെ മികച്ച രീതിയിൽ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്ന ജില്ലയിലെ രണ്ട് ഡസനിലധികം ബാങ്കുകൾ ഗുണ്ടായിസത്തിലൂടെയും ജനാധിപത്യ വിരുദ്ധമാർഗങ്ങളിലൂടെയും പിടിച്ചടക്കി വൻതോതിൽ തട്ടിപ്പും ആസൂത്രിത കൊള്ളയുമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാലപ്പുഴ ബാങ്കിലെ തട്ടിപ്പെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ ജെയിംസ് കീക്കരിക്കാട്, ഇ.കെ. സത്യവ്രതൻ, നേതാക്കളായ വി.സി.ഗോപിനാഥ പിള്ള, ടി.ജി.നിഥിൻ, സണ്ണി കണ്ണമണ്ണിൽ, വിശ്വംഭരൻ മലയാലപ്പുഴ, അനിൽ പി.വാഴുവേലിൽ, മോളി തോമസ്, ആശാ കുമാരി, ശശിധരൻ നായർ പാറയരികിൽ, ബിജിലാൽ ആലുനിൽക്കുന്നതിൽ, ബെന്നി ഈട്ടിമൂട്ടിൽ, സിനിലാൽ ആലുനിൽക്കുന്നതിൽ, ബിജുമോൻ എസ്.പുതുക്കുളം, നാഗൂർ മീരാൻ, അനിൽ മോളൂത്തറ, ജെയിംസ് പരുത്തിയാനി, മോനി കെ.ജോർജ്, ശ്രീകുമാർ ചെറിയത്ത്, മാത്യു ഇലക്കുളം, എബ്രഹാം മാത്യു, സാബു പുതുക്കുളം, ബിജിലാൽ തുണ്ടിയിൽ, സുധീഷ്.സി.പി, അനി എം.എബ്രഹാം എന്നിവർ പ്രസംഗിച്ചു.