agri

പത്തനംതിട്ട: ഈ ഓണക്കാലത്ത് പത്തനംതിട്ട ഏനാത്ത് ചന്തയിലെ പച്ചക്കറിത്തട്ടുകളിൽ കുറച്ച് 'സ്പെഷ്യൽ വിളകൾ" എത്തും. അവ നട്ടുനനച്ച് വിളവെടുത്തത് രണ്ട് ഡോക്ടർമാർ, ഏനാത്ത് മുകളുവിള വടക്കേതിൽ ഡോ.അഭിജിത്തും ഭാര്യ ഡോ. അഞ്ജലിയും.

ചെറുപ്രായത്തിൽത്തന്നെ കൃഷിയോട് ഇഷ്ടംകൂടിയ ഡോ. എ.എ.അഭിജിത്ത് കൊവിഡ് ലോക്ക്ഡൗൺ കാലത്ത് നെൽക്കൃഷിയിലൂടെയാണ് കാർഷികവൃത്തിയിൽ ചുവടുറപ്പിച്ചത്. കൃഷിയോട് താത്പര്യമുള്ള അഞ്ജലിയും വിവാഹശേഷം അഭിജിത്തിനൊപ്പം കൂടി. സ്വന്തമായി ക്ലിനിക്ക് നടത്തുന്ന അഭിജിത്തും സ്വകാര്യ ദന്തൽ ക്ലിനിക്കിൽ ജോലി ചെയ്യുന്ന അഞ്ജലിയും രാവിലെ ഡ്യൂട്ടിക്കു പോകുന്നതിനു മുൻപും ഡ്യൂട്ടി കഴിഞ്ഞുവന്നതിനുശേഷവുമാണ് കൃഷിക്കാര്യങ്ങൾ നോക്കുന്നത്. പറമ്പ് കിളച്ച് വൃത്തിയാക്കുന്നത് മുതലുള്ള എല്ലാ ജോലിയും ചെയ്യും. ഇപ്പോൾ അവരുടെ 1.40 ഏക്കർ കൃഷിയിടത്തിൽ ആയിരത്തിലധികം ഏത്തവാഴയും പച്ചക്കറികളും തഴച്ചുവളരുന്നു. കപ്പ, കാച്ചിൽ, ചേന, ചേമ്പ് , തക്കാളി, വഴുതനങ്ങ, വെണ്ടയ്ക്ക, പച്ചമുളക്, കാന്താരി, പയർ തുടങ്ങിയവയും ധാരാളം. കൃഷിഭവനിൽ നിന്നും മറ്റ് കർഷകരിൽ നിന്നുമാണ് വിത്തുകൾ ശേഖരിക്കുന്നത്. രണ്ട് ലക്ഷം രൂപയോളം മുടക്കിയായിരുന്നു കൃഷി തുടങ്ങിയത്. തരക്കേടില്ലാത്ത ലാഭം ലഭിക്കുന്നു. ഇത്തവണ ഏഴംകുളം പഞ്ചായത്തിലെ മികച്ച യുവകർഷകനുള്ള അവാർഡ് ഇരുപത്തിയൊൻപതുകാരനായ അഭിജിത്തിനായിരുന്നു.

അച്ഛൻ അജികുമാറാണ് തന്നെ കൃഷിയിലേക്ക് എത്തിച്ചതെന്ന് അഭിജിത്ത് പറഞ്ഞു. അദ്ധ്യാപികയായ അമ്മ അജിതകുമാരിയും പ്രോത്സാഹനം നൽകുന്നു.

ഔഷധസസ്യങ്ങളുടെ കലവറ

ദശപുഷ്പങ്ങൾ ഉൾപ്പെടെ എഴുപതോളം ഔഷധസസ്യങ്ങളും ഡോക്ടർ ദമ്പതിമാർ കൃഷി ചെയ്യുന്നു. ഏത്തവാഴക്കൃഷിയുടെ നടുവിലായാണ് ഔഷധ സസ്യങ്ങളുടെ ശേഖരം. ഔഷധസസ്യങ്ങളെ സംരക്ഷിക്കുകയാണ് സിദ്ധ ഡോക്ടറായ അഭിജിത്തിന്റെ ലക്ഷ്യം.

കൃഷിയിടം- 1.40 ഏക്കർ

മുതൽമുടക്ക്- രണ്ട് ലക്ഷം

--------------------

കൃഷിയിലേക്ക് വരാൻ യുവതലമുറ മടിക്കേണ്ട കാര്യമില്ല. ശ്രമിച്ചാൽ നല്ല വരുമാനമാർഗം കൂടിയാണ് കൃഷി. പരിപാലിച്ചാൽ വിളവും ലഭിക്കും. ഔഷധസസ്യങ്ങളും പച്ചക്കറിക്കൃഷിയും വിപുലീകരിക്കാനാണ് ശ്രമം.

‌‌‌ഡോ. എം.എ. അഭിജിത്ത്