പത്തനംതിട്ട: കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ കത്തീഡ്രലിൽ എട്ടുനോമ്പാചരണം സെപ്തംബർ ഒന്നു മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ.കെ.ജി. മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒന്നിന് രാവിലെ കുർബാനയ്ക്ക് ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത കാർമ്മികത്വം വഹിക്കും.
തീർത്ഥാടന വാരത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. വൈകിട്ട് 6.30ന് മെർലിൻ ടി. മാത്യു സംസാരിക്കും.
രണ്ടിന് ഡോ.ഗീവറുഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്തയും മൂന്നിന് ഡോ.യുഹാനോൻ മാർ ദിയസ്‌കോറസ് മെത്രാപ്പൊലീത്തയും കുർബാനയ്ക്ക് കാർമ്മികത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ കുർബാനയ്ക്ക് മെത്രാപ്പൊലീത്തമാരായ ഡോ.തോമസ് മാർ അത്താനാസിയോസ്, ഡോ.ജോസഫ് മാർ ദിവന്നാസിയോസ്, ഗീവർഗീസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവർ കാർമ്മികരാകും. വൈകുന്നേരത്തെ വചനശുശ്രൂഷയ്ക്ക് ഫാ.സ്‌പെൻസർ കോശി, ഫാ.ജോൺ ടി. വർഗീസ് എന്നിവർ നേതൃത്വം നൽകും. ആറിനു രാവിലെ പത്തിന് ഫാ.ജോൺ ടി. വർഗീസ് ധ്യാനം നയിക്കും. ഏഴിനു വൈകിട്ട് 6.45ന് പെരുന്നാൾ പ്രദക്ഷിണം.
എട്ടിനു രാവിലെ കുർബാനയ്ക്ക് ഏബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലീത്ത കാർമ്മികനാകും. മദ്ധ്യസ്ഥ പ്രാർഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ്, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
സഹവികാരി ഫാ.അജിമോൻ പാപ്പച്ചൻ, ട്രസ്റ്റി ജോസ് മത്തായി ശങ്കരത്തിൽ, സെക്രട്ടറി റെജി ജോൺ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.