mlpy

മല്ലപ്പള്ളി : താലൂക്കിലെ തട്ടുകടകൾ വൃത്തിഹീനമാണെന്ന് സെപ്ഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിട്ടും ഫുഡ് ആൻഡ് സേഫ്ടി ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നില്ല. അന്യസംസ്ഥാന തൊഴിലാളികൾ അടക്കം നടത്തുന്ന തട്ടുകടകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് , ടിഷ്യു പേപ്പർ എന്നിവ നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിലെ പരാമർശവും അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല.

പഞ്ചായത്തിന്റെ ലൈസൻസ് അടക്കമുള്ള ഒരുരേഖകളും ഇല്ലാതെയാണ് പൊതുനിരത്തുകളുടെ വശങ്ങളിൽ തട്ടുകടകൾ പ്രവർത്തിക്കുന്നത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിൽ നടത്തിവരുന്ന പരിശോധനകൾ തട്ടുകടകളെ ബാധിക്കാറില്ല.

അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് സംഘടനാഭാരവാഹികളും ചെറുകിട റസ്റ്റോറന്റ് ഉടമകളും ആവശ്യപ്പെട്ടു.

വടയിൽ സിഗററ്റ് കുറ്റി : തട്ടുകട അടപ്പിച്ചു

ഉള്ളിവടയിൽ സിഗരറ്റ് കുറ്റി കണ്ടെത്തിയ മല്ലപ്പള്ളി ഐ എച്ച് ആർ ഡിക്ക് സമീപത്തെ തട്ടുകട പൊലീസ് അടപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് സംഭവം. നാട്ടുകാർ പ്രതിഷേധിച്ചതോടെ കീഴ് വായ്പൂര് പൊലീസെത്തി കട അടപ്പിക്കുകയായിരുന്നു. അതേസമയം ഫുഡ് ആൻഡ് സേഫ്ടി അധികൃതർ നടപടി സ്വീകരിച്ചില്ല.