ചെങ്ങന്നൂർ: മഹാദേവ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിൽ ആർട്ട് ഗ്യാലറി ഒരുക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കാൻ ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിന് നിർദ്ദേശം നൽകി. മന്ത്രി സജി ചെറിയാന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ക്ഷേത്രങ്ങളിലെ പ്രദർശന വസ്തുക്കൾ, ക്ഷേത്ര കലകൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുക്കുകൾ ,ചുവർചിത്രങ്ങൾ, ചെങ്ങന്നൂരിന്റെ പൗരാണിക ചരിത്രം വിവരിക്കുന്ന ചിത്രങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും. പൊതുജനങ്ങളെ കൂടാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ക്ഷേത്രത്തിലെത്തുന്ന ശബരിമല തീർത്ഥാടകർക്കുൾപ്പെടെ ആർട്ട് ഗ്യാലറി സന്ദർശിക്കാൻ അവസരമൊരുക്കും. സാംസ്കാരിക വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. മന്ത്രി സജി ചെറിയാൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ സുന്ദരേശൻ, അജികുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ശ്രീധര ശർമ്മ, അസിസ്റ്റന്റ് കമ്മിഷണർ ആർ.രേവതി എന്നിവർ ഗോപുരം സന്ദർശിച്ചു.