photo
വയ്യാറ്റുപുഴ- പുലയൻപാറ റോഡ് നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എം .എൽ. എ നിർവഹിക്കുന്നു.

കോന്നി : നിയോജക മണ്ഡലത്തിലെ രണ്ട് പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം. എൽ .എ നിർവഹിച്ചു.1.70 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ -പുലയൻ പാറ റോഡിന്റെയും ,3.30 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ചിറ്റാർ -കൊടുമുടി -പടയണിപ്പാറ റോഡിന്റെയും നിർമ്മാണ ഉദ്ഘാടനമാണ് നടന്നത്. പുലയൻ പാറയിലും,ചിറ്റാർ വാലയിൽ പടി ജംഗ്ഷനിലും നടന്ന ചടങ്ങുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രവികല എബി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ഷിജി മോഹൻ, നബീസത്ത് ബീവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആദർശ് വർമ്മ, ജിതേഷ് ഗോപാലകൃഷ്ണൻ,മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ജി. മുരളീധരൻ, ടി. കെ.സജി തുടങ്ങിയവർ പങ്കെടുത്തു.

ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് നാല് കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മിച്ചിരുന്നു. ഈ റോഡിൽ ഈട്ടിച്ചുവടു വരെ ഐറിഷ് ഓടയുടെ നിർമ്മാണവും പൂർത്തിയാക്കി. വയ്യാറ്റുപുഴ മുതൽ പുലയൻപാറ വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും. ചിറ്റാർ -നീലിപിലാവ്- തണ്ണിത്തോട് റോഡ് ആധുനിക നിലവാരത്തിൽ സംസ്ഥാന ഹൈവേയായി നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.

ചിറ്റാർ ഈട്ടിച്ചുവട് നിന്ന് ആരംഭിക്കുന്ന കൊടുമുടി- പടയണിപ്പാറ റോഡിന്റെ 3.300 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നത്. 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബി.എം ആൻഡ്ബി.സി സാങ്കേതികവിദ്യയിലാണ് റോഡുകളുടെ നിർമ്മാണം. ഐറിഷ് ഓടയും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉണ്ടാകും.പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല.