അടൂർ: നഗരത്തിൽ അടൂർ ഗവ.എൽ.പി, യു.പി.സ്കൂളിനു മുന്നിലെ അനധികൃത വഴിയോരക്കടകൾ അടൂർ നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. കെ.എസ്.ആർ.ടി.സി.ബസ് സ്റ്റാൻഡിന് സമീപത്തെ പഴക്കട ഭാഗികമായും ഒഴിപ്പിച്ചു. ഗതാഗത തടസം, കാൽനടയാത്രികർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നീ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ സെക്രട്ടറി എം.രാജുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ആദ്യം യു.പി,എൽ.പി സ്കൂളിന്റെ മുന്നിലെ വഴിയോരക്കടകളാണ് ഒഴിപ്പിച്ചത്. ചില കടകളിൽ ആളില്ലാത്തതിനാൽ സാധനങ്ങൾ ടാർപ്പോളിനിൽ കെട്ടി നഗരസഭാ ഒാഫീസിലേക്ക് കൊണ്ടുപോയി. ഉടമസ്ഥർ വരുന്ന മുറയ്ക്ക് ഇവ തിരികെ നൽകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു. തുണിക്കടകളായിരുന്നു കൂടുതലും. നടപ്പാതയിൽ ടാർപ്പോളിൻ വലിച്ചു കെട്ടിയായിരുന്നു വ്യാപാരം. നഗരത്തിലെ മറ്റ് വ്യാപാരികളുടെ പ്രധാന പരാതിയായിരുന്നു വഴിയോരക്കച്ചവടം. അടൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ.ജി.സുരേഷ് കുമാർ, നഗരസഭ എച്ച്.ഐ.രാജീവ്, ജെ.എച്ച്.ഐമാരായ കവിത,മനോജ്, ഓവർസീയർ രാജീവ്,സജേഷ്, എൻ.അഖിൽ എന്നിവർ ഒഴിപ്പിക്കലിന് നേതൃത്വം നൽകി.